തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടത്തില്‍ മരണസംഖ്യ എട്ടായി. അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജില്‍ എത്തിച്ചവരില്‍ പലര്‍ക്കും 100 ശതമാനം പൊള്ളലേറ്റെന്നും ആരോഗ്യമന്ത്രി. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാന്‍ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേര്‍ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നു.






























