29.3 C
Kollam
Saturday 5th September, 2026 | 05:38:55 PM
Home News Breaking News എംഎല്‍എക്കു നേരെയും ഡിജിറ്റല്‍ അറസ്റ്റ്,സംഘത്തില്‍ മലയാളി?

എംഎല്‍എക്കു നേരെയും ഡിജിറ്റല്‍ അറസ്റ്റ്,സംഘത്തില്‍ മലയാളി?

പാലക്കാട്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമം. തീവ്രവാദ വിരുദ്ധ വിഭാഗത്തില്‍ നിന്നെന്ന് പേരിലാണ് തട്ടിപ്പുകാര്‍ എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച നമ്പര്‍ എന്ന പേരില്‍ ആദ്യം ഇംഗ്ലിഷിലും ഹിന്ദിയിലും പിന്നീട് മലയാളത്തിലും എംഎല്‍എയ്ക്ക് ഫോണ്‍കോളുകള്‍ ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് വേഷത്തില്‍ വിഡിയോ കോളിലും എംഎല്‍എയെ വിശ്വസിപ്പിക്കാന്‍ ശ്രമം നടത്തി.

മുംബൈയിലെ ബാങ്കില്‍ ശാന്തകുമാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാരുടെ വാദം. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനും ആവശ്യപ്പെട്ടതനുസരിച്ച് ഒറ്റയ്ക്കു മുറിയിലേക്ക് മാറാന്‍ ആയിരുന്നു നിര്‍ദേശം. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇവര്‍ ചോദിച്ചറിഞ്ഞു.

ഫോണ്‍ കോളില്‍ സംശയം തോന്നിയ എംഎല്‍എ വിഡിയോ കോള്‍ കട്ട് ചെയ്യുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. എംഎല്‍എയുടെ ഡ്രൈവറാണു കുഴല്‍മന്ദം പൊലീസില്‍ വിവരം അറിയിച്ചത്. പിന്നീടും പലതവണ തട്ടിപ്പുകാര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. സംഭവത്തില്‍ എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.