ആനയെ കയറ്റിവിട്ടു; ഉദ്യോഗസ്ഥര്‍ വഞ്ചിച്ചു: കോതമംഗലം കോട്ടപ്പടിയിൽ പ്രതിഷേധം

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കിണറ്റില്‍ വീണ സംഭവത്തിൽ ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്നാണ് നാട്ടുകാര്‍. നേരത്തെ മുതല്‍ ആന ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു ജനങ്ങള്‍. അതിനിടെയാണ് ആന ഇന്നലെ രാവിലെ കിണറ്റില്‍ വീണത്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്.

നിരവധി പ്രദേശവാസികള്‍ കുടിവെള്ളത്തിന് ഉള്‍പ്പെടെ ആശ്രയിക്കുന്ന കിണറാണിത്. കിണറിന്റെ വശങ്ങള്‍ മണ്ണ് മാന്തി യന്ത്രം കൊണ്ട് ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. ഇതിന്റെ നഷ്ടപരിഹാരവും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. മണ്ണുമാന്തിയും മോട്ടോറും നാട്ടുകാർ തടഞ്ഞിരിക്കുകയാണ്.
ആനയെ മയക്കുവെടി വെക്കാത്തതില്‍ പ്രദേശത്ത് നാട്ടുകാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും കയറ്റിയ ആന സ്ഥലത്ത് നിന്ന് ഓടുകയായിരുന്നു. ആനയെ മയക്ക് വെടിവെച്ച് പിടികൂടി സുരക്ഷിതമായി കാട്ടിലേയ്ക്ക് അയക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഈ ആനകാരണം ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റി രണ്ടു മാസമാണ് ജൂവൽ ജൂഡി എന്ന പ്രദേശവാസി വീട്ടിലിരുന്നത്.

ആനയെ മയക്കുവെടിവെച്ചാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വനത്തിലേക്കും കിണറില്‍ നിന്ന് 300 മീറ്റര്‍ അകലെ ഉള്ള റോഡിലേക്കും എങ്ങനെ എത്തിക്കുമെന്ന ആശങ്ക വനം വകുപ്പിന് ഉണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആനയെ കിണറ്റില്‍ വീണ നിലയിൽ കണ്ടത്.

Advertisement