അടൂരിലെ കാർ അപകടം: യഥാർത്ഥ കാരണം എന്താണ്? തല പുകച്ച് അന്വേഷണ സംഘം;ലോറി ഡ്രൈവറെ കേസ്സിൽ നിന്നൊഴിവാക്കി

അടൂർ: കെ പി റോഡിൽ പട്ടാഴിമുക്കില്‍ കാർ ലോറിയിടിച്ച്‌ രണ്ടുപേർ മരിച്ച സംഭവത്തില്‍ കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് സ്ഥിരീകരിച്ച്‌ ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്‍റ് വിഭാഗം.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ബ്രേക്കിടാൻ ശ്രമിച്ചില്ലെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നില്ലെന്നും ലോറിയിലെ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് എംവിഡി റിപ്പോര്‍ട്ട് പറയുന്നു.

തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ലോറിയില്‍ ഇടിച്ചു കയറിയത് എന്നത് ഉള്‍പ്പെടെ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്‍റ് വിഭാഗം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ഇതോടെ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ‘ ഒഴിവാക്കി. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കേ ഇന്ത്യക്കാരനായ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ എംവിഡിയുടെ കണ്ടെത്തലോടെ ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോർട്ട്‌ നല്‍കി.

അമിതവേഗതയില്‍ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്. കോട്ടയത്ത് ലോഡിറക്കി ശിവകാശിയിലേക്ക് പോകുകയായിരുന്നു ലോറി എന്നാണ് വിവരം. അതേസമയം അപകടത്തില്‍പ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പഴയ അടൂർ രജിസ്ട്രേഷനിലുള്ള ഈ കാറില്‍ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമണ്‍ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയില്‍ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച്‌ ഇരുവരും മരിച്ചത്. അനുജയും ഹാഷിമും തമ്മില്‍ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.

വിനോദയാത്രയില്‍ അനുജ ഒരുതരത്തിലുമുള്ള അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സഹപ്രവർത്തകർ. കൊട്ടാരക്കര എത്തും മുമ്പ് ഭക്ഷണംകഴിക്കാൻ കയറിയപ്പോള്‍ അനുജയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. എന്നാലിത് വീട്ടില്‍നിന്നായിരുന്നു എന്നാണ് മറ്റ് അധ്യാപകരോടു പറഞ്ഞത്. ഈ ഹോട്ടലില്‍ മുക്കാല്‍ മണിക്കൂർ ചെലവഴിച്ചശേഷമാണ് അടൂരിലേക്ക് അധ്യാപകസംഘം യാത്രതിരിച്ചത്.

അതേസമയം മരണത്തിലേക്ക് കാറോടിച്ച്‌ കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കില്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകണം. വാട്സ്‌ആപ്പ് ചാറ്റുകളും ഫോണ്‍ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബർ വിഭാഗം.

Advertisement