പട്ടാഴിമുക്ക് വാഹനാപകടം:അനുജ പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചതിന് തൊട്ടു പുറകേ

പത്തനംതിട്ട: അടൂർ കെ പി റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറി അനുജ , ഹാഷിം എന്നിവർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കായംകുളത്ത് പണി കഴിപ്പിച്ച പുതിയ വീട്ടിലേക്ക് അനുജ മാറാനൊരുങ്ങിയതിനു പിന്നാലെയാണ് അപകടമുണ്ടായത്. ഭർത്താവിനൊപ്പം മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം അറിഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബവീട്ടിൽ അച്ഛനും സഹോദരനുമൊപ്പമാണ് അനുജ താമസിച്ചിരുന്നത്. അവധി ദിവസങ്ങളിൽ കായംകുളത്തേക്കു പോയി വരുകയാണ് പതിവ്. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീട് നിർമിച്ചത്. ഇവിടേക്ക് മാറാൻ അനുജ തീരുമാനിച്ചിരുന്നു. അനുജ നഷ്ടപ്പെടുമോ എന്ന ഭയം ഹാഷിമിനുണ്ടായിരുന്നതായും അതാണ് വാഹനാപകടത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം. അനുജയിൽ നിന്ന് ഹാഷിം പല തവണ പണം കടം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. തുമ്പമൺ ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപികയായിരുന്ന അനുജയ്ക്ക് പിഎസ് സി വഴി ഹയർ സെക്കൻഡറി അധ്യാപികയായി സ്ഥിരനിയമനം ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഹാഷിം മൂന്നു വർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. പന്തളം- പത്തനംതിട്ട ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ആ സമയത്താണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചത്. അപകടത്തിന് തൊട്ടുമുൻപ് അനുജ കാറിന്‍റെ ഡോർ തുറക്കാൻ ശ്രമിച്ചിരുന്നതായും കാറിനുള്ളിൽ മൽപ്പിടിത്തം നടന്നിരുന്നതായും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement