കവിത പോലെ അനുജയുടെ ജീവിതത്തിലും നിഴലിച്ചത് ചോരമണമുള്ള ഇരുട്ട്; അടൂരിലെ അപകടത്തിലെ ദുരൂഹതകൾ തുടരുന്നു

പത്തനംതിട്ട: കെ പി റോഡിൽ അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നർ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തിലേ ദുരൂഹതകൾ തുടരുന്നു. അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്‍ (37) ഡ്രൈവറായ ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരിച്ചത്. ഇരുവരുടെയും മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. മരിച്ച അനുജ സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ്. ഒപ്പം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനുജ സ്ഥിരമായി കവിതകൾ എഴുതിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ കവിതകള്‍ എഴുതിയിരുന്ന അനുജയുടെ കവിതകളിലെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന മരണത്തിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2021-ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ. ‘വികലമായ പകലുകൾ.. ചുട്ടുപൊള്ളുന്ന വീഥികൾ.. നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു…ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ.. അവിടെ യുദ്ധം രണ്ടുപേർമാത്രം… ’എന്നിങ്ങനെ പോകുന്നു വരികള്‍. കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി.

45 ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 11-നാണ് അനുജ വീണ്ടും സ്കൂളില്‍ ജോലിക്കെത്തിയത്. എന്തിനെപ്പറ്റി ചോദിച്ചാലും മറുപടി പറയാനുള്ള ഒരു പ്രത്യേക കഴിവ് അനുജയ്ക്കുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ ഓര്‍ത്തെടുക്കുന്നു. അനുജയുടെയും ഹാഷിമിന്‍റെയും മരണത്തിനിടയാക്കിയ വാഹനാപകടം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ആർ.ടി.ഓ നൽകുന്ന റിപ്പോർട്ട്. അമിതവേ​ഗത്തിലെത്തിയ കാർ‌ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും വ്യക്തമായിട്ടുണ്ട്.

Advertisement