മനുഷ്യക്കടത്തിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളി തിരിച്ചെത്തി

തിരുവനന്തപുരം: മനുഷ്യക്കടത്തിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പൻ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഡേവിഡ് ഡൽഹിയിലെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഡേവിഡിനെ കേരളത്തിലെത്തിക്കുമെന്ന് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചു. 

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനെ റഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആയുധ പരിശീലനം നൽകി യുദ്ധ ഭൂമിയിലേക്ക് അയക്കുകയായിരുന്നു. യുദ്ധത്തിനിടെ പരിക്കേറ്റ ഡേവിഡ് മോസ്കോയിൽ തിരിച്ചെത്തി പള്ളിയിൽ അഭയംതേടി. റഷ്യയിലെ ഇന്ത്യൻ എംബസി വഴി താൽക്കാലിക യാത്ര രേഖ നൽകിയാണ് ഡേവിഡിനെ ഡൽഹിയിൽ തിരിച്ചെത്തിച്ചത്. യുവാവിൽ നിന്ന് സിബിഐ വിവരങ്ങൾ തേടി. റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ യുദ്ധമുഖത്തുനിന്ന് ഡേവിഡിനെ നാട്ടിലെത്തിക്കാൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദിയറിയിച്ചു.

Advertisement