അന്വേഷണം കൂടാതെ ജനങ്ങളെ ജയിലിലിടുന്നു: പ്രധാനമന്ത്രിക്കെതിരെ മെഹ്ബൂബ മുഫ്തി

ന്യൂ ഡെൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. യാതൊരു അന്വേഷണവും കൂടാതെ കേന്ദ്രസർക്കാർ ജനങ്ങളെ ജയിലിലിടുകയാണെന്നും ഇത് കലിയു​ഗത്തിലെ അമൃതകാലമാണെന്നും അവർ വിമർശിച്ചു. താനടക്കമുള്ള ജമ്മു കശ്മീരിലെ മുതിർന്ന നേതാക്കൾ വീട്ടുതടങ്കലിലാണെന്നും മെഹ്ബൂബ പറഞ്ഞു. രാം ലീല മൈതാനത്തു നടക്കുന്ന ഇൻഡ്യ മഹാറാലിയിൽ സംസാരിക്കവെയാണ് അവരുടെ വിമർശനം.

ഇന്ന് രാജ്യം ഏറ്റവും പ്രയാസമേറിയ സമയത്തിലൂടെ കടന്നുപോകുകയാണ്. യാതൊരു അന്വേഷണവും കൂടാതെ തന്നെ ജനങ്ങളെ ജയിലിലടയ്ക്കുന്നു. ഇതാണ് കലിയു​ഗത്തിലെ അമൃതകാലം. ഒമർ ഖാലിദിനെക്കുറിച്ചോ മുഹമ്മദ് സുബൈറിനെക്കുറിച്ചോ ഞാൻ പറയുന്നില്ല. നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. എനിക്കിതിലൊട്ടും അതിശയമില്ല. ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഞാനും വീട്ടു തടങ്കലിലാണ്. നിയമം ലംഘിക്കുന്നവർ രാജ്യ​ദ്രോഹികളാണ്.

അമൃതകാലം എന്ന വിശേഷണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോ​ഗിക്കുന്നതാണ്. ഇന്ത്യ ഇപ്പോൾ സുവർണകാലത്താണെന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം അത് ഉപയോ​ഗിക്കാറുള്ളത്. സ്വാതന്ത്ര്യലബ്ധിയുടെ 100ാം വാർഷികം വരെയുള്ള 25 വർഷക്കാലം എന്നതിനെയാണ് മോദി അമൃതകാലം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഇക്കാലയളവ് ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്തിന് സുവർണകാലമാകും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിനെയാണ് മെഹ്ബൂബ മുഫ്തി കലിയു​ഗത്തിലെ അമൃതകാലം എന്ന പരാമർശം കൊണ്ട് തിരിച്ചടിച്ചിരിക്കുന്നത്’.

Advertisement