പോരാട്ടത്തിനൊടുവില്‍ ജോലി തിരിച്ചുപിടിച്ച് നിഷ, അറിഞ്ഞു കൊണ്ട് അബദ്ധം ചെയ്ത ആ ജനസേവകന്‍ ഇപ്പോഴും സര്‍വീസിലുണ്ട്

കൊല്ലം. പ്രതികാരനടപടിപോലെ ഒരു സർക്കാർ ഉദ്യോഗസ്‌ഥൻ്റെ വീഴ്‌ച കാരണം നഷ്‌ടമായ ജോലി തിരിച്ചുകിട്ടിയതിൻ്റെ ആശ്വാസത്തിലാണ് കൊല്ലം തെക്കുംഭാഗം സ്വദേശി നിഷ ബാലകൃഷ്ണൻ. സത്യം ജയിച്ചെന്ന് നിഷ ബാലകൃഷ്‌ണൻ പറഞ്ഞു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിഷയ്ക്ക് ജോലി നൽകാൻ തീരുമാനമെടുത്തത്.

2018 മാർച്ചിൽ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെട്ട നഗരകാര്യ വകുപ്പ് ഡയറക്‌ടറുടെ ഓഫിസിലെ ഉദ്യോഗസ്‌ഥന്റെ വീഴ്ചയായിരുന്നു നിഷ ബാലകൃഷ്‌ണന് അർഹമായ ജോലി നഷ്ടമാകാൻ കാരണമായത്. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിഷയത്തിൽ ഇടപെട്ടത്.സംഭവത്തിൽ
ഉന്നതല അന്വേഷണവും മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം നടന്നു. അന്വേഷണറിപ്പോർട്ടുകളും ഹൈക്കോടതി ഉത്തരവും അനുകൂലമായതോടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗo നിഷയ്ക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു. സത്യം ജയിച്ചെന്നും സർക്കാറിനും സഹായിച്ചവർക്കും നന്ദിയെന്നും നിഷബാലകൃഷ്ണൻ .പ്രതികാരബുദ്ധിയോടെ പെരുമാറിയതാണ് നിഷയെ കണ്ണീരിലാഴ്ത്തിയത്. ഉദ്യോഗസ്ഥരെ നിരന്തരം ശല്യം ചെയ്തതിന്‍റെ പ്രതികാരവും വേറേ പലരേയും ഇതില്‍ ഇടപെടുത്തിയതിന്‍റെ ഈഗോയുമാണ് ഇത്തരത്തില്‍ ഒരു നടപടിയിലെത്തിച്ചത്.

സീനിയോറിറ്റി ലഭിക്കില്ലെങ്കിലും അർഹതപ്പെട്ട സർക്കാർ ജോലി ലഭിച്ചതിന് ആശ്വാസത്തിലാണ് നിഷ. മന്ത്രിസഭാ തീരുമാനപ്രകാരം തദ്ദേശ വകുപ്പിലാണ് നിയമനം.

കുറ്റകരവും മനപൂര്‍വവുമായി ഒരു ഉദ്യോഗസ്ഥന്‍ നടത്തിയ വീഴ്ചയാണ് നിഷയെ ഇത്തരത്തില്‍ ഒരു പോരാട്ടത്തിലെത്തിച്ചതും ഒടുവില്‍ വിജയത്തിലെത്തിച്ചതും. എന്നാല്‍ ഇത്തരം ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ജീവിതത്തിലെ പ്രതീക്ഷ പൊലിഞ്ഞ എത്രയോ പേരാണ് സമൂഹത്തിലുള്ളതെന്ന് അധികൃതര്‍ ഒര്‍ക്കുന്നില്ലെന്നും ഇത്തരക്കാരെ ഇപ്പോഴും ‘ജനസേവന’ത്തിനായി സര്‍വീസില്‍ നിലനിര്‍ത്തിയിരിക്കുന്നു എന്നതുമാണ് അതിശയകരം.

Advertisement