‘തറ’വാടക, പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം വൈകിട്ട്

തൃശൂർ. പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡുമായാണ് ചർച്ച നടത്തുക. രണ്ടു കോടിയിലധികം രൂപ തറവാടക നൽകണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.

എന്നാൽ ഈ തുക ഒരു കോടിയിലേക്ക് നിജപ്പെടുത്തി സമവായം കണ്ടെത്താനാണ് സർക്കാർ ശ്രമം. ഇരു കൂട്ടരും തീരുമാനത്തിന് വഴങ്ങുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പിന്നീടുള്ള എല്ലാവർഷവും 10% വാടക തുക വർധിപ്പിക്കാം എന്നതുമാണ് മുന്നോട്ടുവെക്കുന്ന നിർദ്ദേശം. കഴിഞ്ഞദിവസം ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ കോടതിക്ക് പുറത്ത് പ്രശ്നപരിഹാരം കാണാമെന്ന നിലപാടായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്. വിഷയത്തിൽ പരിഹാരം കണ്ടെത്തി നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാനാണ് സർക്കാർ നീക്കം.

Advertisement