ദമ്പതികൾ താമസിച്ച വാടകവീട്ടിൽ എക്സൈസ് റെയ്ഡ്; പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎ; യുവതി അറസ്റ്റിൽ

Advertisement

കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് 9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെ എക്സൈസ് പിടികൂടിയത്. കാസറഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ് ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെ പിടികൂടിയത്. റംസൂണയ്ക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി എ്ക്സൈസ് അറിയിച്ചു.

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ്, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ 23.11.2023 വരെ ഹോസ്ദുർഗ്ഗ് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.

അതേസമയം, പാലക്കാട് ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്. ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ‌ പോലീസ് പിടിയിലാകുന്നത്. പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

Advertisement