പൊലീസിൻറെ മുന്നറിയിപ്പ്, പാഴ്സലിൻറെ പേരിലെ കോളുകളിൽ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ്

തിരുവനന്തപുരം: പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിൻറെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക് പേജിലൂടെയുള്ള പൊലീസിൻറെ മുന്നറിയിപ്പ്.

സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്ത് ‘പാഴ്സൽ’ തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.

പാഴ്സലിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്ന് പറഞ്ഞാകും ഫോൺ വിളിയെത്തുക. സി ബി ഐ, കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാണ് വിളി വരികയെന്നും വ്യാജ ഐഡികൾ കാണിച്ചേക്കുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് പാഴ്സൽ അയച്ചശേഷം ഇത്തരം ഫോൺകോളുകൾ വന്നാൽ പൊലീസിനെ വിളിക്കണമെന്ന് പറഞ്ഞ് 1930 എന്ന സൈബർ പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറും പങ്കുവച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കേരള പൊലീസ് പറയുന്നത് ഇങ്ങനെ

നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.
നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്‍ലിനുള്ളിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും.

കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന് സി ബി ഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐ ഡി കാർഡ് , എഫ് ഐ ആ‍ർ തുടങ്ങിയവ സ്കൈപ്, വാട്സാപ്പ് എന്നിവ വഴി അയച്ചു നൽകുന്നു.
തുടർന്ന് നിങ്ങൾ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ അക്നോളേജ്മെൻറ് രസീത് അയച്ചു നൽകുകയും ചെയ്യുന്നു.

തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐ പി എസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങൾക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.

നിങ്ങൾക്ക് ലഭിക്കുന്ന ഫോൺ കോളിൽ സംശയം തോന്നിയാൽ ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നൽകുക.

Advertisement