കേരളീയം ധൂര്‍ത്തല്ല, ഭാവിയെ ലക്ഷ്യമിട്ടുള്ളത്; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളീയം ധൂര്‍ത്തല്ല. ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വളര്‍ച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നില്‍ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പല നിര്‍ദ്ദേശങ്ങളും വരുന്നുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടികളെ കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയ ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ കാര്യം വരുന്നത്.

കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിന് അവകാശപ്പെട്ട 40,000 കോടിയാണ് വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ് നിഷേധിക്കുന്നത്. കേരളത്തിന് കേന്ദ്രം തരേണ്ട ടാക്‌സ് പണമാണ് തരാത്തത്. കേരളത്തിലെ ജനങ്ങളോട് താല്‍പ്പര്യമുണ്ടെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ഒപ്പം നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകും. പെന്‍ഷന്‍ വിതരണത്തിനുള്ള പണം ഉടന്‍ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാലു മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷത്തെക്കുറിച്ച് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Advertisement