റിയാദ് സീസണിൽ ഇന്ന് അബ്ദുൽ മജീദ് അബ്ദുല്ലയുടെ ഗാനാമൃത രാവ്

റിയാദ്: സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ഗായകൻ അബ്ദുൽ മജീദ് അബ്ദുല്ലയുടെ സ്വരവീചികൾ ഇന്ന് (വ്യാഴാഴ് ച) റിയാദ് സീസൺ വേദിയെ സംഗീത സാന്ദ്രമാക്കും. ദശലക്ഷ കണക്കിന് ഫോളോവർമാരുള്ള ഈ സൗദി ഗായകനെ നേരിൽ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ് റിയാദിലെ സംഗീത പ്രിയർ.

ജിദ്ദയിൽ ജനിച്ച് 13-ാം വയസിൽ പാടിത്തുടങ്ങി ഗൾഫിലുടനീളം ആരാധകരെ സൃഷ്ടിച്ച അബ്ദുൽ മജീദ് അരങ്ങിലെത്തുമ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ വരവേൽക്കാൻ മുഴക്കുന്ന കരഘോഷത്തിൽ പോലും മധുരിതമായൊരു താളാത്മകതയുണ്ട്. അറബ് ആസ്വാദകർ തങ്ങളുടെ പ്രിയ ഗായകനെ സ്വീകരിക്കുന്ന ഈ രീതി തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. പാടിത്തുടങ്ങിയാലോ, പല്ലവി കൊടുത്താൽ മതി, അനുപല്ലവി മൂളി സദസ് ഒന്നടങ്കം കച്ചേരിയിൽ പങ്കാളികളാവും. അബ്ദുൽ മജീദ് സോഷ്യൽ മീഡിയയിൽ പാടി സുപരിചിതമാക്കിയ ഈരടികളെല്ലാം മനഃപാഠമാണ് ആരാധകർക്ക്. ഹൃദയത്തിലേക്ക് നേരിട്ട് കിനിഞ്ഞിറങ്ങും വിധമാണ് അദ്ദേഹത്തിന്റെ ആലാപന രീതി. മനുഷ്യരുടെ വികാരങ്ങളും അനുഭൂതികളും വാങ്മയരൂപം കൊണ്ട വരികളിലൂടെ അബ് ദുൽ മജീദ് അറബികൾക്ക് പ്രിയപ്പെട്ട ഗായകനാക്കിയത്. സ്വരമധുരം പോലെ വരികൾ അർത്ഥസമ്പുഷ് ടമാകുന്നതുമാണല്ലോ അറേബ്യൻ പാട്ടുകളുടെ ആകർഷണീയത.
‘ലൈലത് അബ്ദുൽ മജീദ് അബ്ദുല്ല’ (അബ് ദുൽ മജീദ് അബ്ദുല്ലയുടെ രാവുകൾ) എന്ന ശീർശകത്തിൽ റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളീവാർഡിൽ ഇന്ന് രാവിൽ അദ്ദേഹം പാടിനിറയും. രാത്രി 9.30 മുതലാണ് പാട്ടുരാവ്. ഇതിനെ കുറിച്ച് ജനറൽ എൻറർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ‘എക്സ്’ അക്കൗണ്ടിൽ വീഡിയോ ക്ലിപ്പ് ഉൾപ്പടെ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മിനുറ്റുകൾക്കകം ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ജിദ്ദ ഇത്തിഹാദ് ക്ലബ്ബിന്റെ വേദിയിൽ 13 വയസിൽ പാടി തുടങ്ങിയ അബ്ദുൽ മജീദ് ഗൾഫിൽ ഉടനീളമാണ് ആരാധകരുള്ളത്.

Advertisement