നവകേരള സദസ്സിനു നേരെയുള്ള കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി എം.ബി.രാജേഷും കെ.എന്‍.ബാലഗോപാലും

ഇടുക്കി : നവകേരള സദസ്സിനു നേരെയുള്ള കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രിമാരായ എം.ബി.രാജേഷും കെ.എന്‍.ബാലഗോപാലും. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും ക്രിമിനല്‍ ഗുണ്ടാസംഘത്തെ പോലെയാണു പെരുമാറുന്നതെന്നു മന്ത്രി എം.ബി.രാജേഷ് ചെറുതോണിയില്‍ പറഞ്ഞു. ജനമുന്നേറ്റം ഉയര്‍ന്നതോടെയാണു പ്രതിഷേധത്തിന്റെ സ്വഭാവം മാറുന്നതെന്നും കരിങ്കൊടി കാണിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും നവകേരള സദസ്സ് ബഹിഷ്‌കരിക്കാനാണു തീരുമാനിച്ചതെന്നുമാണ് ഒരുഭാഗത്ത് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ തീരുമാനിക്കാത്ത സമരത്തിന്റെ രൂപം തന്നെ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും എം.ബി.രാജേഷ് പറഞ്ഞു.

നവകേരള സദസ്സിനു നേരെയുള്ള പ്രതിഷേധം സംഘര്‍ഷമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നെന്നായിരുന്നു കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. നേതൃത്വത്തിന്റെ അറിവോടെയുള്ള സംഘര്‍ഷം നിരാശയില്‍ നിന്നുണ്ടായ ഭ്രാന്തന്‍ സമീപനമാണ്. ജനാധിപത്യപരമായ പ്രതിഷേധമല്ല ഇത്. വിഭ്രാന്ത്രി പോലെ പെരുമാറുന്ന തരത്തിലാണു കാര്യങ്ങള്‍ ചെയ്യുന്നത്. ഇതൊന്നും ന്യായമായ കാര്യമാണെന്ന് ആരും ചിന്തിക്കുന്നില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇതിനെ തള്ളിപ്പറയാനും ശരിയല്ലെന്നു പറയാനും തയാറാവുന്നില്ല ബാലഗോപാല്‍ പറഞ്ഞു

Advertisement