‘സർക്കാരും പാർട്ടിക്കാരും ജനത്തെ പിഴിയുന്നു, നവകേരള സദസിലേക്ക് പത്തലുമായി എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല’

തിരുവനന്തപുരം: ജനങ്ങൾ അതീവ ദുരിതത്തിൽ കഴിയുമ്പോൾ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂർത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. സർക്കാരും പാർട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

140 നിയോജകമണ്ഡലങ്ങളിലും തകൃതിയായ പിരിവാണ് നടക്കുന്നത്. ഗ്രാമീണ മണ്ഡലത്തിൽനിന്ന് 25 ലക്ഷവും നഗരമണ്ഡലത്തിൽനിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം.സിപിഎംനേതാക്കളും സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോൾ പിരിവിനു പിന്നാലെ ഭ്രാന്തമായി പായുകയാണ്. പിരിവിന് രസീതില്ലാത്തതിനാൽ ആർക്കും എന്തുമാകാമെന്നതാണ് അവസ്ഥ. ആളുകളുടെ കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലയിടത്തും പിരിവ് നടക്കുന്നത്. നവകേരള സദസിന് 5000 പേരെയും 250 പൗരപ്രമുഖരേയും സംഘടപ്പിക്കണമെന്നാണ് നിർദേശം. അവർക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്‌ഘോഷിക്കുന്ന സർക്കാരിൻറെ നേട്ടങ്ങളെല്ലാം വയറുനിറയെ കേൾക്കാം എന്നതാണ് പരിപാടിയുടെ മുഖ്യ ആകർഷണം.

തിരിച്ചു ചോദ്യങ്ങളോ സംവാദങ്ങളോ പാടില്ലെന്ന് പ്രത്യേക നിർദേശമുണ്ട്. നവം 18 മുതൽ ഡിസം 24 വരെ രണ്ടു മാസത്തോളം സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും സ്തംഭിക്കും. ഇതിനിടെ ശബരിമല സീസണും ക്രിസ്മസ് സീസണുമൊക്കെ വരുന്നത് സർക്കാരിന് പ്രശ്‌നമേയല്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ജനസമ്പർക്കമെന്ന ഉൾവിളി ഉണ്ടായത്. പര്യടനത്തിന് കെഎസ്ആർടിസുടെ ബസ് കാരവൻ മോഡലിൽ തയാറാക്കി വരുന്നു. അപ്പോഴും 40 അകമ്പടി വാഹനങ്ങൾ നിർബന്ധം. കളമശേരി ബോംബ് സ്‌ഫോടനത്തിൻറെ പശ്ചാത്തലത്തിൽ ഇതിൽ കൂടിയാലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിയെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തവരാണ് ഇപ്പോൾ വികൃതമായ ജനസമ്പർക്ക പരിപാടിയുമായി രംഗത്തുവരുന്നത്.

നവകേരള സദസ് ആർക്കുവേണ്ടിയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ ഉന്നയിച്ച അതേ ചോദ്യമാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. വിറ്റ നെല്ലിൻറെ പണം കിട്ടാത്ത കർഷകർ, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആർടിസി ജീവനക്കാർ, ഉച്ചക്കഞ്ഞി കൊടുക്കാൻ പിരിച്ചുമടുത്ത പ്രധാനാധ്യാപകർ, നിക്ഷേപിച്ച പണം ലഭിക്കാതെ ആത്മഹത്യാമുനമ്പിൽ നില്ക്കുന്ന സഹകരണസംഘം നിക്ഷേപകർ. എല്ലാ മേഖലയിലുമുള്ള ജനങ്ങൾ വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ ഇവരുടെ ഏതു പ്രശ്‌നമണ് നവകേരള സദസിലൂടെ മുഖ്യമന്ത്രി പരിഹരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.

Advertisement