കളമശ്ശേരി സ്‌ഫോടനം: 52 പേർ ചികിത്സ തേടി: ആറു പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി വ്യക്തമാക്കി. 18 പേർ വിവിധ ആശുപത്രികളിലായി ഐസിയുവിൽ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.

സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ആരോഗ്യമന്ത്രി സന്ദർശിച്ചിരുന്നു. 37 ഓളം പേർ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. 10 പേർ വാർഡിലും 10 പേർ ഐസിയുവിലുമാണുള്ളത്. ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നൽകുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുന്നത്.

Advertisement