മത്സരിക്കുന്നതിൽ മൂന്നും ‘വിഐപി’ സീറ്റുകൾ; ശക്തരായ സ്ഥാനാർഥികളെ തേടി സിപിഐ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐയിൽ സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമായി. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് കഴിഞ്ഞ തവണ സിപിഐ മത്സരിച്ചത്.

സിപിഐ മത്സരിക്കുന്ന മൂന്ന് സീറ്റുകൾ ‘വിഐപി’ സീറ്റുകളാണ്. തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിനായി മത്സരിക്കുന്നത് ശശി തരൂർ. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെയാണ് ബിജെപി രംഗത്തിറക്കുന്നത്. രാഹുൽ ഗാന്ധി മത്സരിച്ചു വിജയിച്ചതോടെ വയനാട് ദേശീയ ശ്രദ്ധ നേടുന്ന മണ്ഡലമായി. ഓരോ സീറ്റും നിർണായകമായതിനാൽ ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് സിപിഐ തീരുമാനം. സിപിഎമ്മിന്റെ നിർദേശങ്ങൾ തിരുവനന്തപുരം മണ്ഡലത്തിൽ അടക്കം പരിഗണിക്കേണ്ടിവരും.

തിരുവനന്തപുരം മണ്ഡലത്തിൽ രാജ്യസഭാ എംപി ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനാണ് ആലോചന. രാജ്യസഭാ എംപിയെന്ന നിലയിലുള്ള കാലാവധി ജൂലൈയിൽ അവസാനിക്കും. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ മുൻ മന്ത്രി സി.ദിവാകരനെയാണ് മത്സരത്തിനിറക്കിയത്. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ 3,16,142 വോട്ടുനേടി രണ്ടാം സ്ഥാനത്തായപ്പോൾ സി.ദിവാകരന് 2,58,556 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ശശി തരൂരിനെതിരെ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.

മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെ വീണ്ടും പരിഗണിച്ചേക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാണ് ചിറ്റയം. എഐവൈഎഫ് നേതാവ് സി.എ.അരുൺകുമാറും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് 61,138 വോട്ടുകൾക്കാണ് ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്തിയത്. അവിടെ കോൺഗ്രസിനായി കൊടിക്കുന്നിൽ സുരേഷ് വീണ്ടും മത്സരിക്കാനാണു സാധ്യത.

തൃശൂരിൽ മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവരെയാണു പരിഗണിക്കുന്നത്. കെ.പി. രാജേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിനു താൽപര്യം. കഴിഞ്ഞ തവണ 93,633 വോട്ടുകൾക്കാണ് കോൺഗ്രസിലെ ടി.എന്‍. പ്രതാപൻ സിപിഐയിലെ രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടി. തൃശൂരിൽ ബിജെപിക്ക് ഇത്രയും വോട്ടുകൾ ലഭിച്ചത് ആദ്യമായാണ്.

ഇത്തവണ കൂടുതൽ ശക്തമായി രംഗത്തിറങ്ങാനാണ് ബിജെപിയുടെ തീരുമാനം. ഇതോടെ, സിപിഐയ്ക്ക് കൂടുതൽ കരുത്തുള്ള സ്ഥാനാർഥികളെ പരിഗണിക്കേണ്ടിവരും. കോൺഗ്രസ് സ്ഥാനാർഥിയായി ടി.എൻ. പ്രതാപൻ തന്നെ മത്സരിക്കാനാണ് സാധ്യത. വയനാട്ടിൽ പി.പി. സുനീറിനെ വീണ്ടും പരിഗണിച്ചേക്കും. കഴിഞ്ഞ തവണ 4,31,770 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി സുനീറിനെ പരാജയപ്പെടുത്തിയത്. രാഹുൽ ഗാന്ധി 7,06,367 വോട്ടുകൾ നേടിയപ്പോൾ സുനീറിന് 2,74,597 വോട്ടുകൾ മാത്രമാണു ലഭിച്ചത്. ബിഡിജെഎസ് സ്ഥാനാർഥിയായ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടുകൾ ലഭിച്ചു.

Advertisement