കുട്ടനാട്ടില്‍ സിപിഎം ഗ്രൂപ്പുപോരില്‍ വിളഞ്ഞത് സിപിഐ കൊയ്തു തുടങ്ങി

ആലപ്പുഴ.കുട്ടനാട്ടില്‍ സിപിഎം ഗ്രൂപ്പുപോരില്‍ വിളഞ്ഞത് സിപിഐ കൊയ്തു തുടങ്ങി. സിപിഎം ശക്തി കേന്ദ്രത്തിൽ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് അടക്കം സിപിഎം വിട്ടു കൂട്ടമായി വന്നവരെ സിപിഐ സ്വന്തമാക്കി. അംഗത്വ അപേക്ഷ നൽകിയ 294 പേരിൽ 166 പേർക്ക് സിപിഐ നേതൃത്വം പൂർണ്ണ അംഗത്വം നൽകാൻ തീരുമാനിച്ചു. ഇതോടെ രാമങ്കരി പഞ്ചായത്തിലെ സിപിഎം മേൽക്കൈ നഷ്ടമായി.

സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്റെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്ര കുമാർ, 2 ഏരിയ കമ്മിറ്റി അംഗങ്ങൾ, 10 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 7 ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടനയുടെ ജില്ലാ ഭാരവാഹികൾ, മറ്റു പാർട്ടി അംഗങ്ങൾ അനുഭാവികൾ ഉൾപ്പെടെ 294 പേരാണ് സിപിഐക്ക് മുൻപിൽ അംഗത്വ അപേക്ഷ നൽകി. ഇതിൽ
166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. ഇവർക്ക് 6 മാസത്തിനുശേഷം പൂർണ്ണ അംഗത്വം നൽകും
ബാക്കിയുള്ളവരെ സിപിഐ അനുഭാവികളായി പരിഗണിക്കും. ബാക്കിയുള്ളവരുടെ അംഗത്വത്തെ സംബന്ധിച്ചും നിലവിൽ അംഗങ്ങൾ ആക്കിവർക്ക് നൽകേണ്ട സ്ഥാനമാനങ്ങളെ സംബന്ധിച്ചും പിന്നീട് തീരുമാനമെടുക്കും. സിപിഎം ജില്ലാ ഏരിയാ നേതൃത്വവുമായി ആറുമാസം നീണ്ട കലഹത്തിന് ശേഷമാണ് കൂട്ടക്കൊഴിഞ്ഞു പോകൽ. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറാണ് വിമതവിഭാഗത്തിലെ പ്രധാനി.

രാമങ്കരി പഞ്ചായത്തിലെ ഭൂരിപക്ഷം അംഗങ്ങളും സിപിഐയിൽ എത്തിയതോടെ പഞ്ചായത്തിൽ സിപിഎമ്മിൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടമാകും. വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ സിപിഎമ്മിൽ നിന്ന് ഇനിയും കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് സൂചന

Advertisement