നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു

Advertisement

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ മുന്നിൽകണ്ടാണ് കുട്ടിയുടെ ഡിഎൻഎ ശേഖരിച്ചത്.അതേസമയം കേസിലെ ഒന്നാം പ്രതിയായ യുവതി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മ ഫ്ലാറ്റിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ ഡിഎൻഎ സാമ്പിൾ പോലീസ് ശേഖരിച്ചത്. കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന സംശയം നേരത്തെ പോലീസ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവിയിൽ കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ ഉണ്ടാകാതിരിക്കാൻ കുട്ടിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. കേസിൽ ആരോപണ വിധേയനായ യുവതിയുടെ കാമുകൻ തന്നെയാണോ കുട്ടിയുടെ പിതാവ് എന്നത് ഉറപ്പുവരുത്താനും പരിശോധന അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം വീട്ടിൽ അശാസ്ത്രീയമായി പ്രസവം നടത്തിയത് വഴി ശരീരത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് എറണാകുളം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ആരോഗ്യനില മോശമായതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ ശരീരത്തിൽ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Advertisement