നാമജപ ​ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എൻഎസ്എസ് നൽകിയ ഹർജിയിലാണ് നടപടി.

നാലാഴ്ചത്തേക്കാണ് ഹൈക്കോടതി കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാണ് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിലെ ആവശ്യം. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

നാമജപ യാത്ര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാണ്, പങ്കെടുത്തവരെ പ്രതിയാക്കി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്.

Advertisement