ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായി അവതരിപ്പിച്ചു; സിദ്ദിഖിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംവിധായകൻ സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്.

അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് സിദ്ദിഖിനെ കഴിഞ്ഞ ദിവസം കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. രാവിലെ 9 മണി മുതൽ 12 മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. ശേഷം പള്ളിക്കരയിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറടക്കം.

Advertisement