‘സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്നത് തെറ്റായ വിവരം’: തിരുത്തി സജി ചെറിയാൻ

തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സൗദിയിൽ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ അഭ്യർഥിച്ചു. മന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, പുറത്ത് കേട്ടാൽ വിവരമറിയും എന്ന്. അദ്ഭുതപ്പെട്ടു പോയി. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് നിയമം. എല്ലാവർക്കും അവിടെ പ്രാർഥിക്കാൻ അവകാശമുണ്ട്. എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെ. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായി ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’’ – ഇതായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.

കേരളത്തിലെ സൗഹാർദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിലിരിക്കുന്ന സിപിഎം നേതാക്കൾ ആവർത്തിച്ച് ശ്രമിക്കുന്നതെന്നു വി.ടി.ബൽറാം ആരോപിച്ചു. ‘‘സാംസ്കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദപ്രതിവാദങ്ങൾ. സമൂഹത്തിൽ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പു വരുത്തിയാൽ അദ്ദേഹം തന്നെ പിന്നീട് അത് പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്. ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ്, ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്‌ഷൻ വർഷത്തിൽ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂ.’’– ബൽറാം അഭിപ്രായപ്പെട്ടു.

സജി ചെറിയാന്റെ കുറിപ്പിൽനിന്ന്:

ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്.

മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽനിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസ്സിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർഥിക്കുന്നു.

Advertisement