തൃശൂര്‍ ജില്ലയില്‍ ഇന്ന് സ്വകാര്യ നഴ്സുമാരുടെ പണിമുടക്ക്

തൃശൂര്‍. ജില്ലയില്‍ ഇന്ന് സ്വകാര്യ നഴ്സുമാരുടെ പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമയ്ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ പണിമുടക്ക്. അതെസമയം നഴ്സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം ഡിയുടെ ആരോപണം.

വ്യാഴാഴ്ചയാണ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ എം.ഡിയായ ഡോ. അലോക് മര്‍ദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ ശ്രമിക്കുകയും തങ്ങളെ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് നഴ്സുമാരുടെ ആരോപണം. സംഭവത്തെ തുടർന്ന് ഗർഭിണിയായ നഴ്സ് ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഷയത്തിൽ ആശുപത്രി എം ഡി ഡോ.അലോകിനെതിരെ കർശന നടപടിവേണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ഇന്ന് സമ്പൂർണ്ണ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കളക്ടർ ഇടപെട്ട് ചർച്ചയ്ക്ക് സാധ്യത ഒരുങ്ങിയതോടെ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം യു എൻ എയുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചതായാണ് ഡോക്ടര്‍ അലോകിന്റെ ആരോപണം. ഡോക്ടറും ഭാര്യയും വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Advertisement