കടപുഴ പാട്ടമ്പലത്തില്‍ വിശാലമായ സ്‌നാനഘട്ടം ഒരുങ്ങുന്നു

പടിഞ്ഞാറെ കല്ലട: കടപുഴ പാട്ടമ്പലം എന്നറിയപ്പെടുന്ന അമ്പലത്തുംഗല്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ വിശാലമായ സ്‌നാനഘട്ടം ഒരുങ്ങുന്നു. കര്‍ക്കിടക വാവു ദിവസമുണ്ടാകുന്ന തിരക്കിന്‌ പരിഹാരമുണ്ടാക്കാനാണ്‌ ഇത്തരമൊരു സംവിധാനം ഉണ്ടാക്കുന്നത്‌.

നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹായത്തോടെ അതിവിശാലമായ സ്‌നാനഘട്ടം നിര്‍മ്മിച്ചു കഴിഞ്ഞു. ക്ഷേത്രത്തിന്‌ തൊട്ടുമുന്നിലായി കല്ലടയാറിന്റെ തീരത്ത്‌ 50 മീറ്ററിലധികം നീളത്തില്‍ കല്‍പ്പടവുകള്‍ കെട്ടിതിരിച്ച്‌ അതിവിശാലമായ സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ക്ഷേത്ര മതില്‍കെട്ടിനകത്ത്‌ പിതൃപൂജയും തിലഹവനവും നടത്തുന്ന അപൂര്‍വം വിഷ്‌ണു ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌.

ജൂലൈ പതിനേഴ്‌ തിങ്കാളാഴ്‌ച രാവിലെ നാല്‌ മണി മുതല്‍ ഡോ എം എസ്‌ ബിജുവിന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിന്‌ മുന്നിലുള്ള കടവില്‍ പിതൃതര്‍പ്പണവും ക്ഷേത്രം മേല്‍ശാന്തി പ്രദീപ്‌ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിനുള്ളില്‍ പിതൃപൂജയും തിലഹവനവും നടത്തും. സ്‌ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.

Advertisement