10 കിലോ കഞ്ചാവ്, പുലർച്ചെ പ്ലാറ്റ് ഫോമിൽ നിന്ന് പരുങ്ങി; സംശയാസ്പദ സാഹചര്യത്തിൽ യുവാക്കൾ, അറസ്റ്റ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. വെളുപ്പിന് 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ഒഡീഷ സ്വദേശികളാണ് പിടിയിലായതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.ഒഡീഷയിലെ ഗജപതി ജില്ലയിൽ അഡവ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മാർക്കറ്റിൽ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വിൽപ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകൾ മാറിക്കയറിയാണ് ഇവർ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനിൽ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.

അതിനിടെ കൊല്ലം കടയ്ക്കലിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐയ്ക്കും സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. എസ് ഐ ജ്യോതിഷ്, സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. പ്രതി നിഫാലിനെ വിലങ്ങ് വെക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. നിഫാലും ഭാര്യയും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

അതിനിടെ തൃശ്ശൂരിൽ നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും ആഡംബര കാറിൽ 221 കിലോ കഞ്ചാവ് കടത്തിയ കേസിൽ വൻ മാഫിയ തലവനും കൂട്ടാളിയും ഒഡീഷയിൽ നിന്നും പിടിയിലായിരുന്നു. പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുൺ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.

Advertisement