കെ സുധാകരൻ എംപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും

കോഴിക്കോട് . കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും . കോഴിക്കോട് വിജിലൻസ് ഒഫീസിലെത്തിയാണ് മൊഴി നൽകുക. ലഭ്യമായ മുഴുവൻ വിവരങ്ങളും വിജിലൻസിന് കൈമാറുമെന്ന് പ്രശാന്ത് ബാബു വ്യക്തമാക്കി.

കണ്ണൂർ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുത്ത് കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലാക്കാൻ കോടികൾ പിരിച്ചെടുത്ത് അഴിമതി നടത്തി എന്ന പരാതിയിലാണ് കെ സുധാകരനെതിരായ അന്വേഷണം. 16 കോടി രൂപ പിരിച്ചെടുത്തെങ്കിലും സ്കൂൾ ഏറ്റെടുക്കാനോ ട്രസ്റ്റിന്റെ ഭാഗമാക്കാനോ നേതൃത്വം തയ്യാറായില്ല. പിരിച്ചെടുത്ത പണം തിരിച്ചു നൽകിയതുമില്ല . ഇതുമായി ബന്ധപ്പെട്ട് കെ സുധാകരൻ വലിയ തട്ടിപ്പ് നടത്തി എന്നാണ് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം മൊഴി നൽകാൻ അസൗകര്യം അറിയിച്ചതോടെയാണ് ഇന്ന് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി വിശദാംശങ്ങൾ നൽകാൻ നിർദേശിച്ചത്. സുധാകരന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഭാര്യ സ്മിതയുടെ വരുമാനവും വിജിലൻസ് പരിശോധിച്ച് വരികയാണ് . കണ്ണൂർ കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനോട് സ്മിതയുടെ 2001 മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടങ്ങിയ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

എന്നാല്‍ അതിനിശിതമായാണ് കെ സുധാകരന്‍ പ്രശാന്ത ബാബുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. നിരവലവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ആളാണെന്നും തന്നെ സിപിഎം കാര്‍ക്ക് ഒറ്റിയ ആളാണെന്നും ജീവന്‍ അപകടപ്പെടുത്താന്‍ കൂട്ടുനിന്നെന്നും ഇത് തിരിച്ചറിഞ്ഞ് പറഞ്ഞുവിട്ടതാണെന്നും അടക്കം സുധാകരന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പു നടത്തിയതായി ആരോപിച്ച് മറ്റ് ചില കേസുകളും പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയവൈരം തീര്‍ക്കാനാണ് ഇത്തരം കേസ് എന്ന നിലപാട് കോണ്‍ഗ്രസ് വിശദീകരിച്ചിരുന്നു.അത്തരത്തില്‍ ശക്തമായി നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയില്‍ സിപിഎം കോണ്‍ഗ്രസ് ബന്ധം പോലും ഇതുവഴി ഉലയുമെന്നായിട്ടുണ്ട്.

Advertisement