പിഴ വീണുതുടങ്ങട്ടെ ജനം നമ്മുടെ കൂടെ വരും, എഐ ക്യാമറ, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം.എ ഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്കു പിഴ നൽകി തുടങ്ങിയതിനു പിന്നാലെ എഐ ഇടപാടിലെ അഴിമതി ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.ക്യാമറകൾക്ക് മുൻപിൽ പ്രതീകാത്മക ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം.സർക്കാർ സാധാരണക്കാരന്റെ പോക്കറ്റ് അടിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

എഐ ക്യാമറ വിവാദം സജീവമാക്കി നിർത്താൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.ക്യാമറ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.മുഴുവൻ ക്യാമറകൾക്ക് സമീപത്തും പ്രതീകാത്മക മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും.കോഴിക്കോട് കോൺഗ്രസ്,യൂത്ത് ലീഗ് പ്രവർത്തകർ ബഹുജന മാർച്ച് നടത്തി. എറണാകുളത്ത് ഡിസിസിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. മറൈൻ ഡ്രൈവിനു മുന്നിൽ ക്യാമറയിൽ റീത്ത് സ്ഥാപിച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

എഐ ക്യാമറ വഴി പ്രമുഖന്മാരുടെ പട്ടികയിൽപെടാത്തവർക്കു പണി കിട്ടുമെന്നും,പദ്ധതി പാവപ്പെട്ടവന്റെ പോക്കറ്റിലെ പൈസ തട്ടിയെടുക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും,അഴിമതി ആരോപണത്തിന് മറുപടി നേരത്തെ പറഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.

കറക്ക് കമ്പനികൾക്ക് കരാർ നൽകി എന്ന ആരോപണം തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വിടാനും പ്രതിപക്ഷം നീക്കങ്ങൾ നടത്തുന്നുണ്ട്. പിഴ കിട്ടിത്തുടങ്ങുന്നതോടെ ജന പിന്തുണ തങ്ങള്‍ക്കാവുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. ഇടതുപക്ഷത്തിന് ആശങ്കയും ഇക്കാര്യത്തിലാണ്.

Advertisement