കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 4 ന്

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 4 ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. ഹജ്ജ്  ക്യാമ്പിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും.
ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും കേരളത്തിൽ നിന്ന് 11,121 തീർത്ഥാടകരെ ഹജ്ജ് കർമത്തിന് തെരഞ്ഞെടുത്തതായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.


കേരളത്തിൽ നിന്ന് ഹജ്ജിന് പോകുന്ന തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. എംബാർക്കേഷൻ പോയിൻറുകളായ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ   സജ്ജീകരണങ്ങൾ പൂർണം. ആദ്യ ഹജ്ജ് വിമാനം ഈ മാസം 4 ന് പുലർച്ചെ 1.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. 145 തീർഥാടകർ ആദ്യ വിമാനത്തിൽ യാത്ര തിരിക്കും. ആദ്യ വിമാനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി വി അബ്ദുറഹിമാനാണ് നിർവഹിക്കുക. കേരളത്തിൽ നിന്നുള്ള 11,121 തീർത്ഥാടകരിൽ 65% വും സ്ത്രീകളാണ്. 6831 സ്ത്രീകളും 4290 പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

ഹജ്ജ്  ക്യാമ്പിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 3ന് കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വനിതകൾക്ക് മാത്രമായി പ്രത്യേക ഹജ്ജ് സർവീസ് ഉണ്ട്. കൊച്ചിയിൽ നിന്ന് ഈ മാസം എട്ടിന് പുറപ്പെടുന്ന വിമാനത്തിൽ ജീവനക്കാരടക്കം മുഴുവൻ പേരും സ്ത്രീകൾ ആയിരിക്കും.

Advertisement