തീർത്ഥാടക ലക്ഷങ്ങൾ ഒഴുകുന്നു,ഇന്ന് അറഫ സംഗമം

ഇന്ന്‌ അറഫാ സംഗമം. ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പകൽ മുഴുവൻ ഹാജിമാർ അറഫയിൽ കഴിയും.

ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനായി തീർത്ഥാടക ലക്ഷങ്ങൾ അറഫ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മിനായിലെത്തിയ തീർത്ഥാടകർ ഇന്നലെ രാത്രി തന്നെ 15 കിലോമീറ്ററോളം അകലെയുള്ള അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. മാഷായിർ ട്രെയിനിലും ബസുകളിലും നടന്നുമൊക്കെയാണ് തീർത്ഥാടകർ അറഫയിലേക്ക് പോകുന്നത്.

ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന ഏക കര്‍മം കൂടിയാണ് അറഫാ സംഗമം. അറഫയിൽ സംഗമിക്കുക എന്നത് ഹജ്ജിന്റെ മർമപ്രധാന കർമ്മമായതിനാൽ രോഗികളായ തീർത്ഥാടകരെ പോലും ആംബുലൻസുകളിലും എയർ ആംബുലൻസുകളിലും അറഫയിൽ എത്തിക്കും. ഇതുവരെയുള്ള കർമങ്ങൾ സുഗമമായി പൂർത്തിയാക്കിയ മലയാളീ തീർത്ഥാടകർ അറഫാ സംഗമത്തിനായുള്ള കാത്തിരിപ്പിലാണ്.

ഇന്ന് വൈകുന്നേരം വരെ ഹാജിമാർ അറഫയിൽ പാപമോചന പ്രാർത്ഥനകളും മറ്റു ആരാധനാ കർമങ്ങളുമായി കഴിയും. അറഫയിലെ നമിറാ പള്ളിയും ജബല് റഹ്‌മാ മലയും തീര്ഥാടകരെക്കൊണ്ട് നിറയും.

Advertisement