തീര്‍ഥാടകര്‍ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം തുടരുന്നു

മിനാ.ഹജ്ജ് കര്‍മങ്ങളുടെ നാലാം ദിവസം തീര്‍ഥാടകര്‍ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം തുടരുകയാണ്. തീര്‍ഥാടകരില്‍ പലരും നാളെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്നു മടങ്ങും.

ഹജ്ജിന്‍റെ പ്രധാന കര്‍മങ്ങളെല്ലാം കഴിഞ്ഞ 3 ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ നാലാം ദിവസമായ ഇന്ന് മിനായിലെ തമ്പുകളിലാണ് ഉള്ളത്. ഇന്ന് മുതല്‍ മൂന്നു ജംറകളിലും തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു. കാര്യമായ അനിഷ്ട സംഭവങ്ങളോ പകര്‍ച്ചവ്യാധികളോ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇതുവരെയുള്ള കര്‍മങ്ങള്‍ സമാധാനപരമായി നിര്‍വഹിച്ചതായി സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷനും, സന്നദ്ധ പ്രവര്‍ത്തകരും പുണ്യഭൂമിയില്‍ ഉണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

ജംറാ പാലത്തിലെ സൌകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മൂലം തീര്‍ഥാടകര്‍ക്ക് അനായാസം കല്ലേറ് കര്‍മം നിര്‍വഹിക്കാനുള്ള സൌകര്യം ഇപ്പോഴുണ്ട്. തീര്‍ഥാടകരില്‍ പലരും നാളെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്നു മടങ്ങും.

Advertisement