സുഗതകുമാരിയുടെ തലസ്ഥാനത്തെ വീട് വിറ്റുപോയി

തിരുവനന്തപുരം: സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ, തലസ്ഥാനത്ത് കവി താമസിച്ചിരുന്ന വീട് വിറ്റുപോയി. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് ‘വരദ’ എന്ന വീട് വിൽക്കേണ്ടി വന്നതെന്ന് മകൾ ലക്ഷ്മി ദേവി പറഞ്ഞു. വീടില്ലാതായതോടെ സുഗതകുമാരിയുടെ സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുകയാണ്.

എഴുത്ത് ജീവിതവും കവിതാലാപനവും അനീതികളോട് ഉറക്കെയുറക്കെയുള്ള കലഹങ്ങളുമൊക്കെയായി പതിറ്റാണ്ടുകളോളും കവി കഴിഞ്ഞ വീട്. അശരണര്‍ക്കുമുന്നിൽ വാതിലുകൾ മലര്‍ക്കെ തുറന്നിട്ടിരുന്ന വരദയുടെ മുറ്റത്ത് ആൾപ്പെരുമാറ്റം ഇല്ലാതായിട്ട് രണ്ടരക്കൊല്ലമായി. കാലങ്ങളായി കവിയുടെ ഓര്‍മ്മ സമ്പാദ്യങ്ങളെല്ലാം വീടൊടെ കാടുമൂടി. മരണാനന്തരം കേട്ട പ്രഖ്യാപനങ്ങളൊക്കെ വെറും വാക്കുകളായി, സ്മാരം പണിയുമെന്ന് പറഞ്ഞ സര്‍ക്കാരോ സ്മരണികയിറക്കുമെന്ന് പറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരോ ആരും പിന്നീടീവഴി വന്നില്ല. ഇഷ്ടമുണ്ടായിട്ടല്ല, സംരക്ഷിക്കാൻ ആളും സാഹചര്യങ്ങളും ഇല്ലാതായതോടെയാണ് വീട് വിൽക്കേണ്ടിവന്നതെന്ന് മകൾ പറഞ്ഞു. വാഹനം വന്നെത്താത്ത വഴിയും പരിപാലന ചെലവും എല്ലാം കാരണമായി.

കിട്ടിയ പുരസ്കാരങ്ങളത്രയുമുണ്ട്, കെട്ടുകണക്കിന് പുസ്തകങ്ങളുണ്ട്, കാര്യപ്പെട്ട രേഖകളും അമൂല്യമായ കത്തുകളും കവിയുടെ കൈപ്പടയുമുണ്ട്. വിൽപ്പന നടന്ന വീട്ടിൽ നിന്നും എല്ലാം എടുത്ത് പെറുക്കി അവിടവിടെയായി കൂട്ടിയിട്ട അവസ്ഥയിലാണിപ്പോൾ. സുഗതകുമാരി, വരദ, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസം ഇനിയില്ല. ഒരു സ്മാരകം എന്നത് കൊണ്ട് സര്‍ക്കാര് ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയില്ല, ഓര്‍മ്മകൾ സംരക്ഷിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് ഈ അവസ്ഥയിലല്ലെങ്കിൽ ഇനി എപ്പോൾ എന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം സുഗതകുമാരിയുടെ വീട് വില്‍പനയില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സർക്കാരുമായി ആലോചിക്കാതെയാണ് മകൾ വീട് വിറ്റതെന്ന് സജി ചെറിയാൻ പറഞ്ഞു. ബന്ധുക്കൾക്ക് സർക്കാരിനെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഇപ്പോഴും വീട് സർക്കാരിന് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറാണ് മന്ത്രി വ്യക്തമാക്കി. സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഗതകുമാരിയുടെ വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. ബന്ധുക്കള്‍ക്ക് താല്പര്യമില്ലാതെ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്മാരകം പണിയാന്‍ സുഗതകുമാരി താത്പര്യം കാണിച്ചിരുന്നില്ല. സ്മൃതി വനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി പത്മനാഭന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സജി ചെറിയാന്‍ അറിയിച്ചു. 

Advertisement