വിരമിച്ച പ്രഥമാധ്യാപകനെ ഒരു നാട് യാത്രയാക്കിയ രംഗം കണ്ടോ,അന്യനാട്ടിലെ സ്കൂളിനെ സ്വര്‍ഗമാക്കിയതിന്‍റെ നന്ദികാട്ടി നാട്ടുകാര്‍

കണ്ണൂര്‍: വിരമിച്ച പ്രഥമാധ്യാപകനെ ഒരു നാട് യാത്രയാക്കിയ രംഗം കണ്ടാല്‍ കണ്ണുനിറയും. ഒരു സ്‌കൂള്‍ അധ്യാപകന് ഒരു നാടിന്റെ ഹൃദയത്തില്‍ എത്രമാത്രം ഇടം നേടി എന്നതിന് ഉദാഹരണമാണിത്. നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാനൂര്‍ അരയാക്കൂല്‍ സ്വദേശി വി.പി.രാജനാണ് വാദ്യഘോഷങ്ങളോടെ ഒരു നാട് ഒത്തു ചേര്‍ന്ന് യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചത്.

36 വര്‍ഷത്തെ അധ്യാപന ജീവിതം മാര്‍ച്ച് 31 ന് അവസാനിക്കുമ്‌ബോള്‍ വി.പി രാജന് ഒരു നാട് നല്‍കുന്ന സ്‌നേഹം ഒരിക്കലും മറക്കനാവില്ലയെന്നത് ഉറപ്പ്. കഴിഞ്ഞദിവസം കണ്ണൂര്‍ സിറ്റിയിലാണ് ബാന്‍ഡ് മേളം, മുത്തുക്കുട, ഒപ്പന എന്നിങ്ങനെ വേണ്ട ഉത്സവ പ്രതീതി സൃഷ്ടിച്ചുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ വി.പി രാജന് മറ്റൊരു ലോകമുള്ളൂ. സ്ഥലംമാറ്റം വാങ്ങി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരങ്ങളേറെയുണ്ടായിട്ടും സ്വന്തം സ്‌കൂളിനെ മാറോടുചേര്‍ത്തു. ഇന്ന് അതേ നാട് അദ്ദേഹത്തെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.

പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പാനല്‍, പൂന്തോട്ടം, സ്‌കൂള്‍ ബസ്, ആധുനിക അടുക്കള എന്നിവ സ്‌കൂളിലേക്ക് എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് വി.പി രാജനാണ്. രാവിലെ എട്ടിന് സ്സൂളിലെത്തിയാല്‍ എല്ലാവരും സ്‌കൂളില്‍ നിന്നിറങ്ങിയശേഷമാണ് മടക്കം. വര്‍ഷങ്ങളായി തുടരുന്ന ശീലം.

കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ചെയര്‍മാനും സഹീര്‍ അറക്കകത്ത് കണ്‍വീനറുമായ സ്വാഗതസംഘമാണ് യാത്രയയപ്പിന് നേതൃത്വം നല്‍കിയത്. മേയര്‍ ടി.ഒ.മോഹനന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉപഹാരം നല്‍കി. പ്രമീളയാണ് ഭാര്യ. വിദ്യാര്‍ഥിനികളായ ആര്‍ഷ രാജന്‍, മാളവിക രാജന്‍ എന്നിവര്‍ മക്കള്‍.

Advertisement