‘ഭക്ഷ്യസുരക്ഷയ്ക്ക് തുക അപര്യാപ്തം; റെയിൽവേ പദ്ധതികളില്ല: കേരളത്തോട് ക്രൂരമായ അവഗണന’

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പ്രഖ്യാപനങ്ങൾ താഴേത്തട്ടിൽ ഗുണം ചെയ്യില്ലെന്നും കേന്ദ്ര പദ്ധതികളുടെ തുക വെട്ടിക്കുറച്ചെന്നും ധനമന്ത്രി പറഞ്ഞു.

റെയിൽവേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റിൽ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റിൽ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റിൽ 1.57 ലക്ഷം കോടിയായി കുറഞ്ഞു. ധാന്യങ്ങൾ കർഷകരിൽനിന്നും സംഭരിക്കുന്നതിനു പ്രതിഫലമായി നൽകുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികൾക്കുള്ള പണം ഇൻപുട് അടിസ്ഥാനത്തിൽ നൽകിയിരുന്നത് റിസൽട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിലെ ഗുണഫലം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പണം വീതം വയ്ക്കുന്നതിൽ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നത്. പല മേഖലകളിലും സംസ്ഥാനം വികസിച്ചതാണ് പണം കുറയ്ക്കാൻ കാരണമായി പറയുന്നത്. കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഇവിടുത്തേക്കാൾ കൂടുതൽ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ ഗുണഫലം നോക്കി ഫണ്ടു തരുമെന്നു പറയുന്നതിലൂടെ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു എന്നാണ് കരുതേണ്ടത്. പഞ്ചായത്ത് തലത്തിലടക്കം സഹകരണമേഖലയിലേക്ക് കേന്ദ്രം കടന്നു കയറുന്നു. സഹകരണ മേഖലയെ കേന്ദ്രം ലക്ഷ്യമിടുന്നു. ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ് ബജറ്റിലെ പല പ്രഖ്യാപനങ്ങളെന്നും ധനമന്ത്രി പറഞ്ഞു.

Advertisement