സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും; റിലീസിങ് ഓർഡർ ജയിലിലേക്കയച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും. റിലീസിങ് ഓർഡർ ലക്നൗ ജില്ലാ കോടതി ജയിലിലേക്ക് അയച്ചു. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥകളിലെ നടപടിക്രമങ്ങൾ വൈകിയതിനെ തുടർന്നാണ് ജയിൽമോചനം വൈകിയത്.

2020 ഒക്ടോബർ 20നാണ് സിദ്ദീഖ് കാപ്പൻ ഹാത്രസിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായത്. യുഎപിഎ നിയമപ്രകാരം യുപി പൊലീസ് റജിസ്റ്റർ ചെയ്ത കേസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണനിരോധന നിയമപ്രകാരം എടുത്ത കേസുമാണ് സിദ്ദീഖ് കാപ്പന്റെ പേരിലുള്ളത്.

യുഎപിഎ കേസിൽ സുപ്രീംകോടതി നേരത്തെ ജാമ്യം നൽകിയെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ജയിൽമോചിതനാകാൻ ആയില്ല. ആ കേസിൽ കഴിഞ്ഞമാസം അലഹബാദ് കോടതി ജാമ്യം നൽകിയതോടെയാണ് സിദ്ദീഖ് കാപ്പന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്.

Advertisement