അഞ്ച്കൊല്ലത്തിനിടെ തിരുവനന്തപുരം മൃ​ഗശാലയിൽ ചത്തൊടുങ്ങിയത് 422 മൃ​ഗങ്ങൾ

തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ മൃഗശാലയിൽ ചത്തത് മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുൾപ്പെടെ 126 മൃഗങ്ങളുടെയും ജീവൻ നഷ്ടമായി.

അടുത്തിടെ ചത്ത കൃഷ്ണ മൃഗങ്ങളുടെയും പുള്ളിമാനുകളുടെയും സാംപിളുകൾ പരിശോധിച്ചതിൽ ക്ഷയരോഗ ബാധയും കണ്ടെത്തിയിരുന്നു. മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന കടുവകളുടെ കൂടുകൾ ഭൂരിഭാഗവും കാലിയാണ്. നേരത്തെ ഉണ്ടായിരുന്നതിൽ ഏറ്റവും പ്രശസ്തനായിരുന്നു ‘ജോർജ്’ എന്ന കടുവ. വയനാട്ടിലെ കാർഷിക മേഖലകളിൽ വിരാജിച്ചിരുന്ന കടുവയെ കർഷകർ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു.

വിദേശ എഴുത്തുകാരിയായ ക്ലെയർ ലേ മിഷേൽ ജോർജിനെക്കുറിച്ചെഴുതിയ പുസ്തകം ഈയിടെ പ്രസിദ്ധീകരിച്ചത് ശ്രദ്ധ നേടിയിരുന്നു. ജോർജ് ഉൾപ്പെടെ 11 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 4 എണ്ണം മാത്രം. ഏവരെയും ആകർഷിച്ചിരുന്ന ജോർജും പൊന്നിയും ആതിരയുമൊക്കെ ഇപ്പോൾ ഓർമ മാത്രമാണ്. സിംഹരാജൻമാരുടെ ഗർജ്ജനവും ഏതാണ്ട് നിലച്ചു. ഗ്രേസി മാത്രമാണ് കൂട്ടിൽ ബാക്കിയുള്ളത്. ആയുഷ് പ്രായാധിക്യത്തെ തുടർന്ന് ആശുപത്രിയിലാണ്. ജിറാഫ്, സീബ്ര, അമേരിക്കൻ പുലി തുടങ്ങിയവയുടെയൊക്കെ കൂടുകളും കാലിയാണ്.

പ്രായാധിക്യവും രോഗങ്ങളും ബാധിച്ച് ഭൂരിഭാഗം മൃഗങ്ങളും കൂടൊഴിഞ്ഞിരിക്കുകയാണ്. ക്ഷയരോഗം സ്ഥിരീകരിച്ചതിനാൽ നടപടിയാവശ്യപ്പെട്ട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്ന് മൃഗശാലാ ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും അടിക്കടിയുണ്ടാകുന്ന രോഗങ്ങളുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പരിചരണം, പരിപാലനം എന്നിവ നന്നായി നടക്കുന്നതായി വ്യക്തമായിട്ടുണ്ട്. നഗരമധ്യത്തിൽ നിന്ന് മാറി മൃഗങ്ങൾക്ക് പറ്റിയ ആവാസ വ്യവസ്ഥയുള്ള ഒരിടത്തേക്ക് മൃഗശാല മാറ്റണമെന്ന ആവശ്യവും ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.

Advertisement