മകരജ്യോതി: വൻതിരക്ക് പ്രതീക്ഷിച്ച് പൊലീസ്, 14 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് പൂർത്തിയായി

ശബരിമല: മകരജ്യോതി ദർശനത്തിനായി ഇത്തവണ തീർഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടുമെന്ന കണക്കുകൂട്ടലിൽ പൊലീസ് തയാറെടുപ്പുകൾ തുടങ്ങി. മകരവിളക്കു ദിവസമായ 14 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് പൂർത്തിയായി.

മകരവിളക്ക് വരെ ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തുമെന്നാണു പൊലീസിന്റെയും കണക്കുകൂട്ടൽ. പതിനെട്ടാംപടി കയറാനുള്ള വരി മരക്കൂട്ടത്തിനു താഴേക്കു നീളാതിരിക്കാൻ പൊലീസ് പരിശ്രമിക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ മണിക്കൂറിൽ ശരാശരി 4500 പേരെ പതിനെട്ടാംപടി കയറ്റി വിടാനാണ് ശ്രമം. 10 മുതൽ ദർശനത്തിനു വരുന്ന തീർഥാടകർ മകരജ്യോതി ദർശനത്തിനായി പർണശാലകൾ കെട്ടി തങ്ങും.

സന്നിധാനത്തിനു താങ്ങാൻ കഴിയുന്നതിൽ കൂടുതൽപേർ ജ്യോതി ദർശനത്തിനായി കാത്തിരിക്കുമോ എന്നതാണ് പൊലീസിനെ അലട്ടുന്ന പ്രശ്നം. പാണ്ടിത്താവളത്തിൽ മാത്രമാണു പർണശാലകൾ കെട്ടാൻ അനുവാദം. ഇവിടെ 25,000ൽ കൂടുതൽ പേർ എത്തിയാൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ വി.എസ്.അജി പറഞ്ഞു. വെർച്വൽ ക്യൂവിലൂടെ ഒരു ദിവസം പരമാവധി 90,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. സ്‌പോട് ബുക്കിങ്ങിലൂടെ 10,000 പേർ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്ലുമേട് വഴി ദിവസം ശരാശരി 1500 മുതൽ 2000 പേർ വരുന്നുണ്ട്.

ഇതിനു പുറമേയാണ് ദർശനം കഴിഞ്ഞവർ മടങ്ങാതെ തങ്ങുന്നത്. ഇത് തിക്കും തിരക്കും വർധിപ്പിക്കും. പർണശാലകൾ കെട്ടി തങ്ങുന്ന അയ്യപ്പന്മാർ ഭക്ഷണം പാകം ചെയ്യുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ അതിനനുസരിച്ച് അന്നദാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനിടെ, സന്നിധാനത്ത് ദേശീയ സുരക്ഷാ സേനയുടെ (എൻഎസ്ജി) നേതൃത്വത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു. വലിയ തിരക്കിലും ഒരു വിധത്തിലുമുള്ള സുരക്ഷാ വീഴ്ചയും ഉണ്ടാകാതിരിക്കാനാണു എൻഎസ്ജി സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ഓരോ സ്ഥലങ്ങളും കെട്ടിടങ്ങളും സന്ദർശിച്ച് വിശദമായ പരിശോധനയാണ് നടത്തുന്നത്.

മകരവിളക്കിനു തീർഥാടകരുടെ മടക്ക യാത്രയ്ക്കു കെഎസ്ആർടിസി 800 ബസുകൾ അധികമായി എത്തിക്കും. ദീർഘദൂര സർവീസിന് ഇപ്പോൾ 260 ബസുകളാണ് പമ്പയിൽ ഉള്ളത്. അതിനു പുറമേയാണ് 800 ബസ് കൂടി ക്രമീകരിക്കുന്നത്. വിവിധ ജില്ലാ ഡിപ്പോകളിൽ നിന്നായി 590 ബസുകൾ പിൻവലിച്ച് 13ന് പമ്പയിൽ എത്തിക്കുന്നതിനുള്ള ഉത്തരവ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ നൽകി.

തിരുവനന്തപുരം 105, കൊല്ലം 75, പത്തനംതിട്ട 50, ആലപ്പുഴ 50, ഇടുക്കി 50, കോട്ടയം 90, എറണാകുളം 65, തൃശൂർ 45, മലപ്പുറം 10, പാലക്കാട് 15, കോഴിക്കോട് 15, വയനാട് 10, കണ്ണൂർ, കാസർകോട് 15 ബസുകൾ വീതം പിൻവലിച്ച് എത്തിക്കാനാണ് ഉത്തരവ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രധാനമായും ദീർഘദൂര സർവീസിന് എത്തിക്കുക. ഈ ബസുകൾ 13ന് ഉച്ചയോടെ എരുമേലി, പത്തനംതിട്ട, പൊൻകുന്നം എന്നിവിടങ്ങളിൽ എത്തിക്കും. പമ്പയിൽനിന്നു നിർദേശം ലഭിക്കുന്ന മുറയ്ക്ക് അവിടേക്ക് അയയ്ക്കും. പമ്പ – നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിന് 205 ബസാണ് ഉദ്ദേശിക്കുന്നത്. മകരജ്യോതി ദർശനം കഴിയുമ്പോൾ മുതൽ ഇവ ഓടിത്തുടങ്ങും.

Advertisement