മധ്യപ്രദേശിൽ വച്ച് വെടിയേറ്റ കേരള ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോട് . മധ്യപ്രദേശിൽ വച്ച് വെടിയേറ്റ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി. മൃതദേഹവുമായി കോഴിക്കോടുനിന്ന് പുറപ്പെട്ട ആംബുലൻസിന് നേരെ മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശീയപാതയിൽ വച്ചാണ് ആക്രമണമുണ്ടായത്. ബിഹാർ അതിർത്തി മുതൽ ബിഹാർ പൊലീസിൻ്റെ എസ്കോർട്ടിലാണ് ആംബുലൻസിൻ്റെ യാത്ര.

ഇന്ന് രാവിലെ എഴ് മണിക്കാണ് ആംബുലൻസ് ബിഹാർ അതിർത്തി കടന്നത്. നേപ്പാൾ അതിർത്തി വരെയുള്ള യാത്രയിൽ ബിഹാർ പൊലീസിൻ്റെ എസ്കോർട്ട് ഉണ്ട്.
കേരള പൊലീസിൻ്റെയും LJD നേതാവ് സലീം മടവൂരിൻ്റെയും ഇടപെടലാണ് ബിഹാർ പൊലീസിൻ്റെ
സഹകരണം ഉറപ്പാക്കിയത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ഫറോക്കിൽ ട്രെയിൻ തട്ടി മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി ആംബുലൻസ് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ
മധ്യപ്രദേശിലെ ദേശീയ പാതയിൽ വച്ച് മുൻവശത്തെ ഗ്ലാസിൽ വെടിയേൽക്കുകയായിരുന്നു.
ആക്രമണം ഉണ്ടായിട്ടും മധ്യപ്രദേശ് പൊലീസ് സഹായിച്ചില്ലെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. തകർന്ന ഗ്ലാസ് രാത്രിയോടെ മാറ്റിയ ശേഷം അർധ രാത്രിയോടെയാണ് യാത്ര പുനരാരംഭിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നും വ്യക്തതയില്ല.

Advertisement