കോന്നിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

പത്തനംതിട്ട. കോന്നിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു .കോക്കത്തോട് കാട്ടാത്തിപ്പാറ ഗിരിജൻ കോളനിയിലെ ബീനയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പ്രസവിച്ചത്. 108 ആംബുലൻസിലെ ഡ്രൈവർ അരുണിന്റേയും നഴ്സ് ധന്യയുടെയും ഇടപെടലാണ് അമ്മയുടെയും കുഞ്ഞിനെയും ജീവൻ രക്ഷിച്ചത്.

രണ്ടുദിവസം കഴിഞ്ഞ് പ്രസവത്തിനായി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആവാനിരിക്കെ കാട്ടത്തിപ്പാറ ഗിരിജൻ കോളനിയിലെ ബീനയ്ക്ക് ഉച്ചയോടെ പ്രസവ വേദന ഉണ്ടായി. ആംബുലൻസ് അരുവാപുലത്ത് എത്തിയപ്പോഴേക്കും വേദന കലശലായി . വാഹനം നിർത്തി നേഴ്സ് ധന്യ പ്രസവത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി.

ഈ സമയം ആംബുലൻസ് ഡ്രൈവർ അരുൺ കോന്നി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ച് റോഡിലെ ബ്ലോക്ക് എല്ലാം മാറ്റി. പ്രസവത്തിനുശേഷം ചീറിപ്പാഞ്ഞ് ആംബുലൻസ് നേരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തി. പ്രാഥമിക ശുശ്രൂഷ നൽകി അമ്മയേയും കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബീനയും കുഞ്ഞും സുഖമായിരിക്കുന്നു. പരിശോധനയിൽ കാര്യമായ കുഴപ്പങ്ങൾ ഇവർക്കില്ലെന്ന് ഡോക്ടർമാര്‍ അറിയിച്ചു..ആംബുലൻസ് ഡ്രൈവറുടെയും നഴ്സിന്റെയും മാത്രമല്ല കോന്നി താലൂക്ക് ആശുപത്രിയിലെയും , പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് അപകടകരമായ ദൗത്യം വിജയകരമാക്കിയത്.

Advertisement