ചട്ടമ്പിസ്വാമികൾ വിശ്വമഹാഗുരു: :കൃഷ്ണാനന്ദ സരസ്വതി

Advertisement

പന്മന: യഥാർത്ഥ ആചാര്യന്മാരെ തിരിച്ചറിയുന്ന ഇക്കാലത്ത് ലോകത്തിനു ആവശ്യമായ ജീവകാരുണ്യ ദർശനവും സ്ത്രീസമത്വദർശനവും അവതരിപ്പിച്ച ചട്ടമ്പിസ്വാമികൾ വിശ്വ മഹാഗുരുവാണെന്ന് മുംബൈ ശ്രീ രാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി.
ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്‌ദിദിനത്തിൽ പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുബ്രഹ്മം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുസങ്കല്പത്തെ വണങ്ങി മാത്രമേ മനുഷ്യന് ഉയരാൻ കഴിയൂ. ചട്ടമ്പിസ്വാമിയുടെ ആശയങ്ങൾ അർഹമായ രീതിയിൽ പ്രചരിപ്പിക്കാൻ എല്ലാ സനാതനധർമവിശ്വാസികളുടെ ഭാഗത്തു നിന്നും വലിയ ശ്രമങ്ങൾ ഉണ്ടാകണം. ആചാര്യമൗലി എന്നു വിശേഷിപ്പിക്കപ്പെട്ട മഹാഗുരു എല്ലാ ആചാര്യന്മാരുടെയും ഗുരുവാണെന്നും കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ കൃതികൾ വിവിധ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.ജാതിഭേദത്തിന്റെ കാഴ്ചപ്പാടിൽ മതാചാര്യന്മാരുടെ ജീവിതത്തെ വ്യാഖാനിക്കരുത്. ലോകമാകെ ഹിന്ദുധർമം ശാസ്ത്രീയവ്യാഖ്യാനത്തോടെ സ്വീകരിക്കപ്പെടുമ്പോൾ നമ്മൾ പുറം തിരിഞ്ഞു നിൽക്കരുതെന്നും പന്മന ആശ്രമം മഹാഗുരുവിന്റെ ആശയപ്രചാരണ ങ്ങൾക്കുള്ള തുറന്ന വേദിയാകണമെന്നും ചിദാനന്ദപുരി പറഞ്ഞു. ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധർമ്മാനന്ദൻ, ബാലപ്രജാപതി അഡികാളർ, കുമ്മനം രാജശേഖരൻ, ഡോ. എം.എം.ഉണ്ണികൃഷ്ണൻ, സ്വാമി കൃഷ്ണമയാ നന്ദ തീർത്ഥപാദർ, എ.ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡബിൾ തായമ്പകയും, പാഠകവും, മേജർ സെറ്റ് കഥകളിയും നടന്നു .

Advertisement