നിയമന കത്തുകള്‍ ചോര്‍ന്നതിനു പിന്നിലെ കാരണം ഇതാണ്

തിരുവനന്തപുരം. സിപിഎം ജില്ലാ നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണ് നിയമന കത്തുകൾ ചോർന്നതിനു പിന്നിലെന്നാണ് സൂചന. നഗരസഭ പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും നിലവിലെ വിവാദങ്ങൾക്ക് ചൂട് പകർന്നിട്ടുണ്ട്. ഇത് മനസിലാക്കിയാണ് അടിയന്തര നേതൃയോഗം നാളെ ചേരാൻ ജില്ലാ ഘടകത്തിന് പാർട്ടി നിർദേശം നൽകിയത്.

അതിശക്തമായ വിഭാഗീയത ഒരുഭാഗത്ത്. രൂക്ഷമായ അധികാര വടം വലി മറ്റൊരു ഭാഗത്ത്. സിപിഎം നേതൃത്വത്തിന് വലിയ തലവേദനയായി മാറിയത് തലസ്ഥാന പാർട്ടിയിലെ നേതൃതലത്തിലെ കടുത്ത ഭിന്നതയാണ്.
സംസ്ഥാന സമിതി അംഗങ്ങളുടെ മൗനാനുവാദത്തോടെയാണ് ജില്ലയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടക്കുന്നത്.
സംസ്ഥാന സമ്മേളനം കഴിഞ്ഞ് എട്ടുമാസത്തോളമായിട്ടും പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാൻ കഴിയാത്തതിനു കാരണവും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തന്നെയാണ്.

നിലവിലെ പ്രശ്‌നങ്ങളിൽ മേയറെ പ്രതിസ്ഥാനത്ത് നിർത്താൻ പാർട്ടി തയ്യാറല്ല. എന്നു മാത്രമല്ല മേയർക്ക് പൂർണ പിന്തുണയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മേയറുടെ ഓഫീസിൽ നിന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനു നൽകിയതാണ് കത്ത് എന്നാണ് സൂചന. ഡി ആർ അനിലാണ് ഈ കത്തിന്റെ ചോർച്ചക്ക് പിന്നിലെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരം വീട്ടൽ എന്ന നിലക്കാണ് മറുഭാഗം ഡി ആർ അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തു വിട്ടതെന്നും വാദമുണ്ട്. നഗരസഭ കൗൺസിലിലെ സിപിഎം പാർലമെന്ററി പാർട്ടിയിലെ ഭിന്നതയാണ് നിലവിലെ വിവാദത്തോടെ മറനീക്കിയിരിക്കുന്നത്.


പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിആർ അനിലും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമും തമ്മിലുള്ള അധികാര തർക്കം കഴിഞ്ഞ കുറെ നാളുകളായി നഗരസഭയിൽ സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. അതിൻറെ പ്രതിഫലനമാണ് കത്ത് വിവാദം എന്നതാണ് പാർട്ടി വിലയിരുത്തൽ. ഇരുകൂട്ടർക്കും എതിരെ നടപടി വേണമെന്ന ആവശ്യവും ഒരു കോണിൽ ശക്തമാണ്.നാളെ ചേരുന്ന നേതൃയോഗം ഈ വിഷയങ്ങൾ അടക്കം പരിഗണിക്കും.പാർലമെൻ്ററി പാർട്ടിയിൽ വലിയ അഴിച്ചു പണിക്കും സാധ്യതയുണ്ട്.

Advertisement