ഷാരോൺ വധം: വിഷക്കുപ്പി ഗ്രീഷ്മയുടെ വീടിനു സമീപത്തെ കാട്ടിൽനിന്നു കണ്ടെടുത്തു

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ നിർണായക തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കുപ്പി കണ്ടെടുത്തത്.

രാമവർമൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ മാറി ഒരു കുളമുണ്ട്. ആ കുളത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി.

കേസിൽ അമ്മാവനെയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇരുവരും ചേർന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു.

ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണു ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അതിനു ശേഷം ഇന്നലെ പുലർച്ചെ ഒന്നരയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ എട്ടരയോടെ വനിതകൾക്കുള്ള വിശ്രമമുറിയിലെ ശുചിമുറിയിൽ പോയപ്പോൾ ഗ്രീഷ്മ അവിടെ വച്ചിരുന്ന ലോഷൻ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു.

Advertisement