നരബലി; ആഭിചാരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാംസം പാകം ചെയ്ത കുക്കറും കണ്ടെത്തി

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്നു വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തൽ. ഇവയിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിനു പരിശോധന നടത്താനായത്. മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനു പൊലീസ് ശ്രമിക്കുന്നുണ്ട്. ഫോൺ എറിഞ്ഞുപൊട്ടിച്ചെന്നാണ് ഷാഫിയുടെ ഭാര്യയുടെ മൊഴി.

അതേസമയം, ആഭിചാരവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങൾ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽനിന്നു കണ്ടെത്തി. മലയാളത്തിൽ ഉള്ള പുസ്തകങ്ങളാണ് രണ്ടും. മനുഷ്യമാംസം കഴിച്ചത് ഷാഫിയും ഭഗവൽസിങ്ങും മാത്രമാണ് എന്നാണു മൊഴി. ലൈല ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ചെറിയ അളവിൽ മാത്രമാണു കഴിച്ചത്. മാംസം പാകം ചെയ്ത പ്രഷർ കുക്കർ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ പൊലീസ് കണ്ടെടുത്തു. നാല് വെട്ടുകത്തികളും രണ്ട് തടിക്കഷ്ണങ്ങളും ഷേവിങ് സെറ്റുമാണു കണ്ടെടുത്തത്. ആയുധങ്ങളിൽ പ്രതികളുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ഫ്രിഡ്ജിൽനിന്നും തറയിൽനിന്നും രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം അവശിഷ്ടങ്ങളെല്ലാം തിരുമ്മു കേന്ദ്രത്തിനു സമീപം കൂട്ടിയിട്ടു കത്തിച്ചെന്നു ഭഗവൽസിങ് മൊഴി നൽകിയതിനാൽ അവിടെനിന്നു സാംപിൾ ശേഖരിച്ചിട്ടുണ്ട്.

കൂടുതൽ നരബലി നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്നു പരിശീലനം നേടിയ പൊലീസ് നായ്ക്കളെയെത്തിച്ച് ഇന്നലെ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.

Advertisement