തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ 70മത്തെ ദിവസം ഷോയിൽ നിന്നും റോബിന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്.

ബി​ഗ് ബോസിൽ സോഷ്യൽ മീഡിയ ആഘോഷിച്ച സൗഹൃദമായിരുന്നു റോബിൻ്റെയും ദിൽഷയുടെയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളും ഷോയ്ക്ക് അകത്തും പുറത്തും ചർച്ചയായി. എന്നാൽ ഷോ കഴിഞ്ഞ് കുറച്ചു നാളുകൾ മാത്രമെ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റോബിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് റോബിൻ.

തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് പറഞ്ഞ റോബിൻ തന്റെ ഭാവിവധു ആരാണെന്ന് പറയുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്. പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

തനിക്കെതിരെ പറയുന്നവരെ കുറിച്ചും റോബിൻ പറഞ്ഞു. എനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തിൽ ഒരു നിലയിൽ എത്തിപ്പെടാൻ ശ്രമിക്കൂവെന്നാണ് റോബിൻ അവരോട് പറഞ്ഞത്.

അതേസമയം റോബിൻറെ സിനിമാ അരങ്ങേറ്റം പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ്. അനൌൺസ്മെൻറ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജൂൺ അവസാനം മോഹൻലാൽ ആണ് റോബിൻറെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ് ഇത്.