ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് മേനി നടിക്കുന്നു,സർവകലാശാലകൾക്കെതിരെ നിഴൽ യുദ്ധം നടത്തുന്നു-ഗവർണർക്കെതിരെ സിപിഐ

തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ. പാർട്ടി മുഖ പത്രം ആയ ജനയുഗത്തിലാണ് വിമർശനം.
സർവകലാശാലകൾക്കെതിരെ ഗവർണർ നിഴൽ യുദ്ധം നടത്തുകയാണെന്ന് സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവർണർ മേനി നടിക്കുന്നു. ഗവർണറുടെ നടപടികൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സി പി ഐ മുഖ പത്രമായ ജനയുഗം പറയുന്നു. നിയമ നിർമാണത്തിന് നിയമ സഭ വിളിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായെന്നും ജനയുഗം ആക്ഷേപിക്കുന്നുണ്ട്
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീർത്തി നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ സിപിഐ ആരോപിക്കുന്നു.

ഗവർണറുടെ നടപടികൾ ജനാധിപത്യ – ഭരണഘടനാ വിരുദ്ധമാണ്. സർക്കാർ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകൾക്കനുസൃതമായി താൻപ്രമാണിത്തത്തോടെയുള്ള തന്റെ നിലപാടുകളിൽ ഉറച്ചു നില്ക്കുകയാണ് അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങൾ ആവർത്തിച്ചും തിരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും മുന്നോട്ടുപോകുകയാണ് കേരള ഗവർണർ. അദ്ദേഹം കേരള, കണ്ണൂർ സർവകലാശാലകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീർത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സമീപ ദിവസങ്ങളിലായി സ്വീകരിച്ചിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സംസ്ഥാനത്തെ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കാലാവധി കഴിയാറായ ഓർഡിനൻസുകൾ പുനർ വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തുന്നതിന് ഗവർണർ സന്നദ്ധനായി. പ്രതിസന്ധി ഒഴിവാക്കാൻ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ച്‌ ഓർഡിനൻസുകൾ നിയമമാക്കുന്നതിന് സർക്കാർ തീരുമാനിച്ചപ്പോൾ ഗവർണർ സ്വയം പരിഹാസ്യനായി. ഇതേ തുടർന്നാണ് ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്നു ഭാവിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

കണ്ണൂർ, കേരള സർവകലാശാലകൾക്കെതിരെയാണ് ആരിഫ് മുഹമ്മദ്ഖാൻ ഇപ്പോൾ നിഴൽയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി അദ്ദേഹം തന്നെ നിയമിച്ച വൈസ് ചാൻസലർമാരെയും ഗവർണർ ചാൻസലറായിരിക്കുന്ന സർവകലാശാലകളെയും രാജ്യാന്തര തലത്തിൽ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തിൽ നിന്നുണ്ടാകുന്നത്. വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവർണർ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നത്. അന്ധമായ രാഷ്ട്രീയമനസും താൻപ്രാമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് പ്രസ്തുത പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുകയാണ് കേരള ഗവർണർ ആവർത്തിച്ച്‌ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയിരുന്നു. ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്തെന്ന ഗവർണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.

2019ൽ കണ്ണൂർ സർവകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തൻറെ പ്രസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂർ വിസി ചെയ്തെന്നുമാണ് ഗവർണർ ഇന്ന് ആരോപിക്കുന്നത്. തൻറെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാൻസലർ അതിൽ പങ്കാളിയായിരുന്നുവെന്നും ഗവർണർ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവർണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പൊലീസിൻറെ ശ്രദ്ധയിൽ പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവർണറുടെ ആരോപണം.

Advertisement