ഈ മലയാളി നറുക്കെടുപ്പില്‍ ടിക്കറ്റെടുത്തത് രണ്ടേ രണ്ടുതവണ,അടിച്ചത് 45കോടി

അബുദാബി . ഭാഗ്യം കേറിവരുന്നൊരു കാര്യം പാവം പയ്യനറിഞ്ഞോ എന്ന പാട്ടുപോലെ വിജയിയെ വിവരമറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് അരുൺകുമാർ ആദ്യം പറഞ്ഞത് അത് ഒരിക്കലും താനായിരിക്കില്ലെന്നായിരുന്നു. രണ്ടാം തവണത്തെ ഭാഗ്യപരീക്ഷണം മലയാളിയായ അരുൺകുമാർ വടക്കേകോറോത്തിന് നൽകിയത് വമ്പൻ സമ്മാനമായ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം). അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 250-ാം സീരീസിലാണ് (ടിക്കറ്റ് നമ്പർ-261031) ഈ യുവാവ് ശതകോടീശ്വരനായത്.

പലവട്ടം ഭാഗ്യത്തിനായി പണം തുലച്ച സുഹൃത്തുക്കള്‍ക്കിടെ രണ്ടാം തവണത്തെ പരീക്ഷണം തന്നെ വിജയത്തിലെത്തിയ ഭാഗ്യവാനാണ് അനില്‍. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അരുൺ കുമാർ ഓൺലൈൻ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ തവണയെടുത്ത ടിക്കറ്റ് നിരാശ സമ്മാനിച്ചെങ്കിലും പിന്മാറിയില്ല. മാർച്ച് 22ന് എടുത്ത രണ്ടാമത്തെ ടിക്കറ്റ് പക്ഷേ, ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനമാണ് നൽകിയത്. ഈ സമ്മാനത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അരുൺകുമാർ പിന്നീട് പറഞ്ഞു.

നറുക്കെടുപ്പിന് ശേഷം വിജയിയെ വിവരമറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് അരുൺകുമാർ ആദ്യം പറഞ്ഞത് അത് ഒരിക്കലും താനായിരിക്കില്ലെന്നായിരുന്നു. എന്നാൽ, സംഭവം സത്യമാണെന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. ഇത്രയും വലിയ തുക ഒറ്റയ്ക്ക് സ്വന്തമാക്കിയെന്നറിഞ്ഞപ്പോൾ സ്തംഭിച്ചുനിന്നുപോയെന്ന് അരുൺ പറയുന്നു. ഇന്ത്യയിൽ ഒരു ബിസിനസ് തുടങ്ങുക എന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ ഈ തുക കൊണ്ട് സാധിക്കുമെന്നതാണ് ഇദ്ദേഹത്തെ ഏറ്റവുമധികം ആഹ്ളാദിപ്പിക്കുന്നത്.

എന്നാൽ അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഗ് ടിക്കറ്റ് അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, മെഹ്സൂസ്, എമിറേറ്റ്സ് നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ ഭാഗ്യം സ്വന്തമാക്കാറ് ഇന്ത്യക്കാരാണ്. അവരിൽ തന്നെ ഏറ്റവുമധികം മലയാളികളും. എന്നാൽ, വർഷങ്ങളോളം ടിക്കറ്റെടുത്തിട്ടും ഇതുവരെ ഭാഗ്യദേവത കടാക്ഷിക്കാത്തവർ ഒട്ടേറെ. മിക്കപ്പോഴും പത്തോ ഇരുപതോ പേർ സംഘമായാണ് ടിക്കറ്റെടുക്കാറ്. ഇന്നലെ ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിലും എട്ട് ഇന്ത്യക്കാർ കൂടി 30,000 മുതൽ ഒരു ലക്ഷം ദിർഹം വരെയും ആഡംബര വാഹനവും സ്വന്തമാക്കി.

അടുത്ത നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹം ആണ് സമ്മാനം

മേയിൽ നടക്കുന്ന തത്സമയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലി 15 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് നേടും. കൂടാതെ, മറ്റ് ഒമ്പത് വിജയികൾക്ക് ഈ നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം. 40,000, ഒമ്പതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം എന്നിങ്ങനെയാണ് ലഭിക്കുക. ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്കും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ പ്രവേശിക്കാനും എല്ലാ ആഴ്ചയും ഒരുലക്ഷം ദിർഹം സമ്മാനമായി നേടുന്ന നാല് വിജയികളിൽ ഒരാളാകാനുള്ള അവസരവും ലഭിക്കും.

Advertisement