ന്യൂയോർക്ക്: ചെറിയ കുഞ്ഞുങ്ങൾക്കുള്ള ബേബി ഫോർമുല അഥവാ ബേബി പൗഡറിന് അമേരിക്കയിൽ വലിയ ക്ഷാമം നേരിടുകയാണ്.
രാജ്യത്തുടനീളം രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പാൽ നൽകാൻ ബുദ്ധിമുട്ടുകയാണ്. പാവപ്പെട്ടവരുടെ കാര്യം വളരെ പരിതാപകരമാണ്. ഇതിനിടയിൽ മാതൃകയായി തന്റെ മുലപ്പാൽ വിൽക്കാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ് ഉട്ടായിൽ നിന്നുള്ള അലിസ ചിട്ടി.ബേബി ഫോർമുല പ്രതിസന്ധി നേരിടുന്നതിനാൽ കുഞ്ഞുങ്ങൾക്കായി തന്റെ മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അലിസ.

ഇപ്പോൾ തന്നെ ഏകദേശം 4000 ഔൺസ് അഥവാ 118 ലിറ്റർ മുലപ്പാൽ വീട്ടിൽ ശേഖരിച്ച്‌ വെച്ചിട്ടുണ്ടെന്ന് അലിസ വ്യക്തമാക്കി. സുരക്ഷിതമായി മുലപ്പാൽ കേട് കൂടാതെ സൂക്ഷിക്കുന്നതിനായി മൂന്ന് റെഫ്രിജറേറ്റുകൾ അലീസ വീട്ടിലെത്തിച്ചിട്ടുണ്ട്. “എന്റെ വീട്ടിലെ മുറികളെല്ലാം ഇതിനായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ്. അങ്ങനെയാണെങ്കിലും ഒരാൾക്ക് സഹായമാകുന്നുവെങ്കിൽ അതിനാണ് ശ്രമം നടത്തുന്നത്,” അലിസ ഫോക്സ് 13 എന്ന മാധ്യമത്തോട് പറഞ്ഞു.

പ്രദേശത്തെ ഏതെങ്കിലും മിൽക്ക് ബാങ്കിലേക്ക് തന്റെ മുലപ്പാൽ നൽകാമെന്നായിരുന്നു അലിസ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് വേണ്ടി വലിയ നൂലാമാലകൾ കടന്ന് കിട്ടണമെന്ന് മനസ്സിലാക്കിയതോടെ ആ പദ്ധതി മാറ്റി. ഇപ്പോഴും മിൽക്ക് ബാങ്കുകളുമായി താൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന് അലിസ വ്യക്തമാക്കി. അലിസയുടെ മകൾക്ക് സ്പൈനൽ മസ്ക്യുലർ അട്രോഫി എന്ന രോഗം ബാധിച്ചിട്ടുണ്ട്. അതിനാൽ മിൽക്ക് ബാങ്കിന് വേണ്ടി രക്തം ടെസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തനിക്കിപ്പോൾ പറ്റാത്ത അവസ്ഥയാണെന്നും അവർ വ്യക്തമാക്കി.

ഓൺലൈനിലൂടെ മുലപ്പാൽ വിൽക്കുന്നതാണ് നല്ലതെന്ന് പിന്നീട് അലിസയ്ക്ക് ബോധ്യപ്പെട്ടു. അത് എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്. ഒരു ഔൺസ് പാലിന് ഒരു ഡോളർ എന്ന നിലയ്ക്കാണ് അവർ വിൽക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കളുടെ കാര്യത്തിൽ വില കുറച്ച്‌ നൽകുന്നതിന് തയ്യാറാണെന്നും അലിസ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കുക അത്ര എളുപ്പമല്ലെന്നും അവർക്ക് ബോധ്യമുണ്ട്. ചില കുട്ടികൾക്ക് വയറിന് പ്രശ്നവും മറ്റുമുണ്ടെങ്കിൽ പ്രത്യേക ബേബി ഫോർമുല തന്നെ നൽകേണ്ടതുണ്ട്. തന്റെ മകൾക്ക് തന്നെ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളെ മറികടക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അവർ പറഞ്ഞു.

അമേരിക്കയിൽ ഓൺലൈനിലൂടെ മുലപ്പാൽ വിൽക്കുന്നതിന് നിയമപരമായി അംഗീകാരമുണ്ട്. എന്നാൽ വ്യക്തമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. മുലപ്പാൽ ദാതാക്കൾക്ക് എന്തെങ്കിലും രോഗമോ മറ്റോ ഉണ്ടെങ്കിൽ അത് വീണ്ടും ബുദ്ധിമുട്ടിലേക്ക് നീങ്ങും. മിൽക്ക് ബാങ്കിൽ എല്ലാ പരിശോധനകളും നടത്തി മാനദണ്ഡങ്ങൾ പാലിച്ച്‌ മാത്രമേ മുലപ്പാൽ സ്വീകരിക്കുകയുള്ളൂ. ഇതിനാവട്ടെ ആഴ്ചകൾ സമയമെടുക്കുന്ന പ്രക്രിയയിലൂടെ കടന്നു പോവുകയും ചെയ്യണം. ബേബി ഫോർമുല നിർമ്മാതാക്കളായിരുന്ന ഒരു കമ്പനിയുടെ പെട്ടെന്നുള്ള വിപണിയിൽ നിന്നുള്ള പിൻവാങ്ങലാണ് അമേരിക്കയിൽ പ്രതിസന്ധിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. സൂപ്പർ മാർക്കറ്റുകളിലൊന്നും തന്നെ ബേബി ഫോർമുല കിട്ടാനില്ല. രക്ഷിതാക്കളും കുഞ്ഞുങ്ങളും ഇതിനാൽ ഒരുപോലെ പ്രതിസന്ധി നേരിടുകയാണ്.