Home News Breaking News യുഎസുമായി ചർച്ചയ്ക്കില്ല; കപ്പൽ പിടിച്ചെടുത്തതിൽ പ്രതികരണം ഉടനെന്നും ഇറാൻ

യുഎസുമായി ചർച്ചയ്ക്കില്ല; കപ്പൽ പിടിച്ചെടുത്തതിൽ പ്രതികരണം ഉടനെന്നും ഇറാൻ

Advertisement

ടെഹ്‌റാൻ: പാകിസ്ഥാനിലേയ്ക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകവേ യുഎസ് ചർച്ചകൾ നിരസിച്ച് ഇറാൻ. ‘യുദ്ധക്കളത്തിൽ പുതിയ കാർഡുകൾ’ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ പതാകയുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്തത് കടൽക്കൊള്ളയെന്ന് ആരോപിച്ച ഇറാൻ ഉടൻ പ്രതികരിക്കുമെന്നും വ്യക്തമാക്കി.

ഇറാൻ – യുഎസ് താത്കാലിക വെടിനിറുത്തലിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. നാവിക ഉപരോധം അവഗണിച്ച് ഇറാനിലേക്ക് നീങ്ങിയ ‘ടൗസ്‌ക’ എന്ന കപ്പലിനെയാണ് യുഎസ് ആക്രമിച്ചത്. യുഎസിന്റെ യുദ്ധക്കപ്പലുകൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും നാശനഷ്ടമില്ല.

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാനുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ കഴിഞ്ഞയാഴ്ചയാണ് ഇറാനിയൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അതിനുശേഷം പിടിച്ചെടുത്ത ആദ്യ വാണിജ്യ കപ്പലാണ് ടൗസ്ക. ഇറാൻ കരാറിൽ ഒപ്പുവയ്ക്കുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിലെ തുറമുഖങ്ങളിൽ നിന്ന് വരികയോ, അവിടേക്ക് പോവുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും ഹോർമുസിൽ യുഎസ് നേവി തടയും.

പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫിന്റെ നേതൃത്വത്തിലെ ഇറാൻ സംഘം ഇന്ന് ഇസ്ലാമാബാദിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കപ്പൽ ആക്രമിച്ചതോടെ തീരുമാനം മാറ്റിയതായാണ് റിപ്പോർട്ട്. അതേസമയം, ചർച്ചയിൽ ഇറാൻ പങ്കെടുക്കുമെന്നും ധാരണയിൽ എത്തിയാൽ മുതിർന്ന ഇറാനിയൻ നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here