26.5 C
Kollam
Saturday 13th June, 2026 | 07:29:21 AM
Home News Breaking News യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു,ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്ന് യുഎസ്

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു,ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്ന് യുഎസ്

Advertisement

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റ് വിശദീകരണം. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാന് എതിരായ സൈനിക നടപടിയുടെ ഭാഗമായ വിമാനമാണ് തകര്‍ന്നതെന്ന് യുഎസ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ഇറാനെതിരായ സൈനിക നടപടിയുടെ പേരായ എപിക് ഫ്യൂറിയെ കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പരാമര്‍ശിക്കുന്നുണ്ട്.

also read:

അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതാണെന്നാണ് ഇറാന്റെ വാദം. സംഭവത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ വകവരുത്തിയതായും ഐആര്‍ജിസി പ്രതികരിച്ചു. ‘ഇറാന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും വെല്ലുവിളിച്ച കെസി-135 വിമാനം വെടിവച്ചിട്ടെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലെ സൈനിക നീക്കങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനി കപ്പലില്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്. കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു യുഎസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ശത്രുക്കളുടെ ആക്രമണമല്ലെന്നും അമേരിക്കന്‍ നാവികസേനയും വിശദീകരിച്ചിരുന്നു. അപകടത്തില്‍ രണ്ട് നാവികര്‍ക്കു പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ലെന്നും അവര്‍ക്ക് വൈദ്യ സഹായം നല്‍കി വരുന്നതായും നാവികസേന അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും കപ്പല്‍ ദൗത്യം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement