Home News International പൊന്മുട്ടയിടുന്ന താറാവിന്റെ കഥ ഇനി പഴങ്കഥ…..ഇറച്ചിക്കായി കൊന്ന താറാവിന്റെ വയറില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം...

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ ഇനി പഴങ്കഥ…..ഇറച്ചിക്കായി കൊന്ന താറാവിന്റെ വയറില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം

Advertisement

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ നാം കേട്ടിട്ടുണ്ട്. ഒടുവില്‍ താറാവിന്റെ ഉടമസ്ഥന്‍ അത്യാര്‍ത്തികൊണ്ട് താറവിന്റെ വയറുകീറി മുട്ടയെടുക്കാന്‍ ശ്രമിച്ചതും ഇനി പഴങ്കഥ. പുതിയ വാര്‍ത്ത ചൈനയില്‍ നിന്നാണ്. ഇറച്ചിക്കായി കൊന്ന താറാവിന്റെ വയറില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം.ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. ലോങ്ഹുയി കൗണ്ടിയിലെ ലിയു എന്ന വ്യക്തിക്കാണ് താറാവിന്റെ വയറ്റില്‍ നിന്ന് ഏകദേശം 10 ഗ്രാം ഭാരമുള്ള സ്വര്‍ണത്തരികള്‍ ലഭിച്ചത്.
താറാവിനെ വൃത്തിയാക്കുന്നതിനിടയിലാണ് വയറ്റിലെ തിളങ്ങുന്ന വസ്തുക്കള്‍ ലിയുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഇയാള്‍ നടത്തിയ പരിശോധനയില്‍ ഇത് യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലിയുവിന്റെ വീടിനടുത്തുള്ള ചെന്‍ഷുയി നദിക്കരയില്‍ നിന്നാകാം താറാവ് സ്വര്‍ണം വിഴുങ്ങിയതെന്നാണ് കരുതപ്പെടുന്നത്. 1970-കള്‍ മുതല്‍ 90-കള്‍ വരെ സ്വര്‍ണ നിക്ഷേപത്തിന് പേരുകേട്ടതായിരുന്നു ഈ നദി. താറാവുകള്‍ നദീതീരത്തെ മണ്ണില്‍ നിന്ന് ഭക്ഷണം തേടുന്നതിനിടെ ചെറിയ സ്വര്‍ണത്തരികള്‍ അകത്താക്കിയതാകാമെന്നാണ് നിഗമനം.
മുന്‍പും പ്രദേശത്തെ ഗ്രാമീണര്‍ക്ക് താറാവുകളില്‍ നിന്ന് സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്ന് ലിയു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ നദിയിലെ മണല്‍ പരിശോധിച്ചവര്‍ക്ക് 10 ഗ്രാമിലധികം സ്വര്‍ണം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് നിയമപ്രകാരം ഭൂഗര്‍ഭ വിഭവങ്ങള്‍ സര്‍ക്കാരിന്റേതാണെങ്കിലും, ഒരു പക്ഷിയുടെ വയറ്റില്‍ നിന്ന് ലഭിച്ച സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നത് സങ്കീര്‍ണ്ണമായ കാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറാം നൂറ്റാണ്ടിലെ ടാങ് രാജവംശത്തിന്റെ കാലത്തും താറാവുകളുടെ കാഷ്ഠത്തില്‍ നിന്ന് സ്വര്‍ണത്തരികള്‍ ശേഖരിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.

Advertisement